KeralaFacebook Corner

രോഹിത് വെമുലയുടെ മരണം മോദിക്കെതിരെ ആയുധമാക്കിയവര്‍ ജിഷ്ണുവിന്റെ മരണത്തില്‍ മൗനം പാലിക്കുന്നു മറ്റുള്ളവരുടെ കണ്ണില്‍ മുസ്ലീമായ ഞാന്‍ ഇന്നും ഇന്ത്യയില്‍ സുരക്ഷിതന്‍ – ഷംനാദ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

 

ഒരു സംശയമാണ്..

എന്റെ സർട്ടിഫിക്കറ്റ് പേര് ഷംനാദ് മുഹമ്മദ്.വാപ്പാടെ പേര് മുഹമ്മദ് അബ്ദുൾ ഖാദർ ഉമ്മ ആബിദ ബീവി. എന്നെ അടുത്തറിയുന്ന ചില സുഹൃത്തുക്കൾ മാത്രമേ അറിയൂ ഞാനൊരു അവിശ്വാസി ആണെന്ന്. അല്ലെങ്കിൽ ഒരു യുക്തിവാദി ആണെന്ന്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ ഞാനിന്നും മുസ്ളീം തന്നെയാണ്. എന്റെ പേര് എന്നെ തിരിച്ചറിയാൻ ഉപയോഗിക്കുന്നത് കാരണം ലോകം എന്നെ നോക്കുന്നതും മുസ്ളീമായി തന്നെയായിരിക്കും.

ഇനി പോയിന്റിലേക്ക്. 2014 ന് മുമ്പ് ശ്രീ നരേന്ദ്ര മോദി എന്ന വ്യക്തി എന്റെ കണ്ണിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റായി അറിയപ്പെട്ടിരുന്നു. ഗുജറാത്ത്, ശൂലം, ഭ്രൂണം എന്നൊക്കെ മാധ്യമങ്ങൾ എനിക്ക് മുമ്പിൽ സൃഷ്ടിച്ച ഒരു ഭീകരജീവി ആയിരുന്നു.എന്നാൽ ഇന്ത്യ കഴിഞ്ഞ രണ്ടര വർഷമായി മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്നത് ഇതേ ഭീകരവാദിയും തീവ്ര ഹിന്ദുത്വ അജണ്ടകൾ ഉള്ളതായും പറയപ്പെടുന്ന ശ്രീ: നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമാണ്.

ഈ രണ്ടര വർഷത്തിനിടയ്ക്ക് ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ഹിന്ദുക്കൾ വിചാരിച്ചിരുന്നെങ്കിൽ ഭരണകൂട സപ്പോർട്ട് കൂടെ തന്നെ ന്യൂനപക്ഷങ്ങളെ ഫാസിസത്തിലൂടെ തുടച്ച് നീക്കാമായിരുന്നു. മുസ്ളീങ്ങൾ ഭയക്കും പോലെ ഇന്ത്യയിലെ മുസ്ളീങ്ങളെ ജീവിക്കാൻ സമ്മതിക്കില്ലായിരുന്നു. എന്നിട്ടുമെന്തേ അങ്ങനെ ഒന്ന് സംഭവിച്ചില്ല. ഹിന്ദു രാഷ്ട്രം പുലർന്നില്ല.രാമരാജ്യം സൃഷ്ടിക്കപ്പെട്ടില്ല.

ഫാസിസം ഉയർത്തി കാണിക്കാൻ അപൂർണ്ണങ്ങളായ തെളിവുകളുടെ ബലത്തിലുള്ള ഒരു അഖ്ലാഖിന്റെ മരണവും ജാതി വാഴ്ച്ചയുടെ ക്രൂരതക്ക് ഉദാഹരണമായി ഒരു രോഹിത് വെമുലയും ഒരുമാത്രമല്ലേ ഉള്ളൂ. അതോ ഈ രണ്ടര വർഷം ചെറിയ കാലയളവായിരുന്നോ. ദിവസങ്ങൾ കൊണ്ട് മാത്രം ഒരു വില്ലേജ് തരിശാക്കി മാറ്റാൻ കഴിയുന്ന ഫാസിസം ഭരിക്കുന്ന സമയത്ത് എന്തേ അങ്ങനെ ഒന്നു സംഭവിച്ചില്ല. 1947 ൽ ആറു മാസം കൊണ്ട് ഇന്ത്യ കലാപഭൂമി ആയെങ്കിൽ എന്ത് കൊണ്ട് ഈ രണ്ടര വർഷം കൊണ്ടായില്ല. എന്തേ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും പേടിയാണോ?

ഈ രണ്ടര വർഷത്തിനിടയ്ക്ക് ന്യൂനപക്ഷങ്ങൾക്ക് നേരെ എത്ര കലാപമുണ്ടായി? അതും പോട്ടെ കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി ജെ പി ഭരിക്കുന്ന എത്രയിടങ്ങളിൽ ന്യൂനപക്ഷം വേട്ടയാടപ്പെട്ടു?. അഖ്ലാഖിന്റെ മരണവും രോഹിത് വെമുലയുടെ ആത്മഹത്യയും മാഞ്ചിയുടെ ദാരുണ ദ്യശ്യവും അരങ്ങേറിയത് മതേതര സഖ്യങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലേ? എന്തിന് നോർത്തിന്ത്യയിലേക്ക് പോകുന്നു? രാഷ്ട്രീയത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ ആശ്രയവും പ്രതീക്ഷയുമായ ഗൃഹനാഥനെ പച്ചക്ക് കൊളുത്തി കിരാതമായി കൊന്നത് ഈ സമത്വ സുന്ദര കമ്യൂണിസ്റ്റ് കേരളത്തിലല്ലേ?

മതേതരത്വം കൊട്ടിഘോഷിക്കുന്ന സംസ്ഥാനങ്ങളിൽ പോലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിറത്തിന്റെയും പേരിൽ കൊലപാതകങ്ങൾ ദിനം പ്രതി അരങ്ങേറുമ്പോൾ നിങ്ങൾ കണ്ടത് മോദി എന്ന ഫാസിസ്റ്റിനെ മാത്രമാണോ?ഒരു  കാര്യം കൂടി രോഹിത് വെമുല എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തപ്പോൾ ശ്രീമതി:സ്മൃതി ഇറാനിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും എതിരെ വാളോങ്ങിയവർ എന്തേ പാമ്പാടി നെഹ്റു കോളേജിൽ ജിഷ്ണു എന്ന സഹോദരൻ ആത്മഹത്യ ചെയ്തപ്പോൾ മൗനം പാലിക്കുന്നു? എന്തേ ഇന്നാട്ടിലെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ആരും വാക്ശരങ്ങൾ തൊടുക്കുന്നില്ല? എന്തേ പ്രമുഖ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു എന്ന രീതിയിൽ വാർത്തകൾക്ക് അവ്യക്തത വരുത്തുന്നു?

ഞാനിന്ന് ജീവിക്കുന്നത് ഗോവധ നിരോധന നിയമം പ്രാപല്യത്തിലുള്ള മഹാരാഷ്ട്രയിലാണ്. ഇന്ന് കഴിച്ചത് ബീഫ് റോസ്റ്റും .എന്തേ എന്നെ ആരും ബീഫ് കഴിച്ചതിന്റെ പേരിൽ തല്ലിയില്ല? എന്തേ എന്നെതിർവശം ഇരുന്ന് ഭക്ഷണം കഴിച്ച മഹാരാഷ്ട്രക്കാരൻ എന്നോട് നീരസം പ്രകടിപ്പിച്ചില്ല?മോദി ഫാസിസ്റ്റാണ് ഏകാധിപതിയാണ് എന്ന് ഊതി പെരുപ്പിച്ച ബലൂണും പാറി പറപ്പിച്ച് നടക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. ആ ബലൂണിന്റെ കാറ്റ് ചോർന്ന് തുടങ്ങി. നമ്പര് ഒന്ന് മാറ്റി പിടിച്ചു നോക്കൂ. ഇന്ത്യ എന്ന മഹാരാജ്യത്ത് മോദി എന്ന ഹിന്ദു ഭരണാധികാരി ഭരിക്കുന്ന സമയത്ത് ഞാനെന്ന മുസ്ളീം നാമധാരി സുരക്ഷിതനായി വസിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് മതേതരത്വം.നാനാത്വത്തിൽ ഏകത്വം.

ലേഖകന്‍ ഇന്ത്യന്‍ സൈന്യത്തില്‍  ജോലി ചെയ്യുന്നു. ഈസ്റ്റ് കോസ്റ്റിനുവേണ്ടി കുറച്ചുകൂടി വിപുലീകരിച്ച് എഴുതിയതാണ് മുകളിലെ ഭാഗങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button