KeralaNews

ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി; ഐ.എ.എസുകാരെ അനുനയിപ്പിക്കാന്‍ തോമസ് ഐസകും എ.കെ ബാലനും

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് രാജിക്കൊരുങ്ങിയതായി സൂചന. എന്നാല്‍ മന്ത്രിമാരായ തോമസ് ഐസകും എ.കെ ബാലനും ഇടപെട്ട് രാജി നീക്കത്തില്‍നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചതായാണ് വിവരം.

ഐ.എ.എസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ താന്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നുമാണ് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പറയുന്നത് .
സമരവുമായി നേരിട്ട് ബന്ധപ്പെടാത്ത തന്നെ ജൂനിയര്‍ ഉദ്യോഗസ്ഥരുടെ മുന്നിലിട്ട് സര്‍ക്കാരിനെതിരെ സമരം നടത്തുന്നയാള്‍ എന്ന തരത്തില്‍ മുഖ്യമന്ത്രി ശകാരിച്ചതാണ് വിജയാനന്ദിനെ വേദനിപ്പിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ആളുകൾ വ്യക്തമാക്കിയിരുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാന്‍മുഖ്യമന്ത്രി തയാറാവാഞ്ഞതും, തങ്ങളുടെ ആവശ്യങ്ങളെല്ലാം തള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതിലുമുള്ള അസംതൃപ്തി ഐഎഎസ് ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ അറിയിച്ചു. എന്നാല്‍ ഇടതുസര്‍ക്കാര്‍ ആറുമാസം പിന്നിടുമ്പോഴും ഭരണത്തിനു വേഗത പോരെന്ന ആരോപണം ഇടതുമുന്നണിയില്‍നിന്നുതന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് മന്ത്രിമാരുടെ ആവശ്യം. മുഖ്യമന്ത്രിയുമായി സംസാരിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കാമെന്നും മന്ത്രിമാര്‍ ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെയും അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button