KeralaNews

സ്വന്തം മന്ത്രിക്കെതിരെ സി.പി.ഐ : രണ്ടുമന്ത്രിമാരെ പിന്‍വലിക്കുമെന്ന് സൂചന

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ ഭരണത്തില്‍ വേണ്ടത്ര ശോഭിക്കുന്നില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നതിനിടേ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും റവന്യൂമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത്. റവന്യൂവകുപ്പിന്റെ വീഴ്ചക്കെതിരെ സി.പി.ഐ നടത്തിയ സെക്രട്ടേറിയറ്റ് സമരത്തില്‍ മന്ത്രിയുടെ പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം. വളര്‍ച്ചയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ പോരായ്മ ചൂണ്ടിക്കാട്ടിയും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സി.പി.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു മറ്റൊരു മുതിര്‍ന്ന സി.പി.ഐ നേതാവും എം.എല്‍.എയുമായ സി.ദിവാകരന്‍ ആയിരുന്നു. റവന്യൂവകുപ്പിനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും സര്‍ക്കാര്‍ നിലവില്‍ എടുത്തിരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്ന് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. അതേസമയം ചറുക്കാനുള്ള പല നടപടികളും ഇതിനോടകം എടുത്തിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. മുഖ്യമന്ത്രി ഒരുതവണയും റവന്യൂമന്ത്രി പലവട്ടവും ഉന്നതോദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും യോഗം വിളിച്ച് നടപടികള്‍ക്ക് രൂപം നല്‍കിയിരുന്നുവെന്നും ഇതിനിടെയാണ് സി.പി.ഐ. തന്നെ സര്‍ക്കാരിനെതിരേ സമരവുമായി രംഗത്തെത്തിയതെന്നുമാണ് റവന്യൂമന്ത്രിയുടെ വാദം. അതിനിടേ പ്രവര്‍ത്തനത്തില്‍ സി.പി.ഐ മന്ത്രിമാരെല്ലാം മോശമാണെന്ന വിമര്‍ശനം കഴിഞ്ഞ ആഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവിലും കൗണ്‍സിലിലും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടുമന്ത്രിമാരെ പിന്‍വലിച്ച് അനുഭവ പരിചയമുള്ള രണ്ടുപേരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍ സജീവ പരിഗണനയിലാണ്. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന കാനം – ഇസ്മയില്‍ പക്ഷ ചേരിതിരിവിന്റെ തുടര്‍ച്ചയായാണ് വിമര്‍ശനം. ഭരണം ലഭിച്ചപ്പോള്‍ കിട്ടിയ ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ഇസ്മയില്‍ പക്ഷത്തിനു വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്മയില്‍പക്ഷത്തെ മുതിര്‍ന്ന നേതാവായ സി.ദിവാകരനെ നിര്‍ബന്ധമായും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button