KeralaNews

ക്യാമ്പ് പൊലീസെന്ന ദുഷ്‌പേര് ഒഴിവായി; എ.ആര്‍ ക്യാമ്പുകാരെല്ലാം ഇനി ലോക്കല്‍ പൊലീസ്

തിരുവനന്തപുരം: വര്‍ഷങ്ങളോളം എ.ആര്‍ ക്യാമ്പുകളില്‍ കഴിയേണ്ടിയിരുന്ന പൊലീസുകാര്‍ക്കെല്ലാം ശാപമോക്ഷം. ചെറുപ്രായത്തില്‍ സര്‍വീസില്‍ കയറുന്ന പൊലീസുകാര്‍ ബറ്റാലിയനിലും തുടര്‍ന്നു എ.ആറിലും വര്‍ഷങ്ങള്‍ ജോലിചെയ്തശേഷമാണ് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാറുള്ളത്. സ്‌റ്റേഷനുകളിലെത്തുമ്പോള്‍ പൊലീസുകാര്‍ക്ക് കുറഞ്ഞത് മുപ്പത്തിയഞ്ചും നാല്‍പതുമൊക്കെ പ്രായമായിട്ടുണ്ടാകും. ഈ സാഹചര്യത്തിനു അറുതി വരുത്തിയിരിക്കുകയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ്. ആംഡ് റിസര്‍വ് (എആര്‍) പൊലീസും ലോക്കല്‍ പൊലീസും ചേര്‍ത്ത് ഇനി കേരള സിവില്‍ പൊലീസ് എന്ന ഒറ്റ കേഡര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ ജില്ലകളിലെ എആര്‍ ക്യാമ്പുകള്‍ ഇല്ലാതായിരിക്കുകയാണ്. ഇരുവിഭാഗത്തേയും പൂര്‍ണമായും ലയിപ്പിച്ചുള്ള ഉത്തരവ് കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി നടപ്പാക്കി. ഇതോടെ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുടെ സേവനം പൊലീസ് സ്റ്റേഷനിലേക്ക് മാറും. ലോക്കല്‍ പൊലീസിലെയും എ.ആര്‍ വിഭാഗത്തിലെയും സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ എസ്.ഐ വരെയുള്ള പദവികളാണ് ഏകോപിപ്പിച്ചത്. 2010 ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ കയറിയവര്‍ക്കെല്ലാം ഇത് ബാധകമാണ്. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലാകും കേരള സിവില്‍ പൊലീസ് പ്രവര്‍ത്തിക്കുക. ഇവരുടെ യൂണിഫോമും ഏകീകരിച്ചു.

ഇതോടെ മൂന്ന് തട്ടായിരുന്ന പൊലീസ് സേന ഇനി ബറ്റാലിയന്‍, കേരള സിവില്‍ പൊലീസ് എന്നീ രണ്ടുതട്ട് മാത്രമായി. അതേസമയം ആര്‍മര്‍ വിഭാഗം, ബോംബ് സ്‌ക്വാഡ്, മറ്റു സാങ്കേതിക വിഭാഗങ്ങള്‍, ഡ്രൈവര്‍മാര്‍ എന്നീ സ്‌പെഷ്യല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ സംയോജനത്തില്‍ വരില്ല. ഇവര്‍ ഡിഎച്ച്ക്യു എന്ന വിഭാഗമായി മാറും. എആര്‍ ക്യാമ്പില്‍ തുടരാന്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചവര്‍ക്ക് ക്‌ളോസ്ഡ് എ.ആര്‍ വിങ്ങായായി തുടരാം. 2010 ഡിസംബര്‍ പത്തിന് അന്നത്തെ ഇടതു സര്‍ക്കാരാണ് എ.ആര്‍-ലോക്കല്‍ സംയാജനം നടപ്പാക്കി കേരള സിവില്‍ പൊലീസ് സബോര്‍ഡിനേറ്റ് സര്‍വീസ്(കെസിപി) എന്ന പേരില്‍ പുതിയ കേഡര്‍ രൂപീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ തീരുമാനം മരവിപ്പിച്ചു. എ.ആര്‍ ക്യാമ്പിലെ യുവാക്കളായ പൊലീസുകാര്‍ ലോക്കല്‍ സ്‌റ്റേഷനുകളില്‍ എത്തുന്നതോടെ ലോക്കല്‍ സ്റ്റേഷനുകളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ലയനം നടക്കുന്നതോടെ എ.ആര്‍ പൊലീസുകാരുടെ തൊപ്പിയും ബെല്‍റ്റും മാറും. നിലവില്‍ നീല തൊപ്പിയാണ് എ.ആറുകാര്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഇനി ലോക്കല്‍ പൊലീസുകാര്‍ ഉപഗയാഗിക്കുന്നതുപോലെ മഞ്ഞ റിബണ്‍ വയ്ക്കണം. ബ്രൗണ്‍ ബെല്‍റ്റിനുപകരം കറുപ്പ് ബെല്‍റ്റാണ് ഉപയോഗിക്കേണ്ടത്. അതേസമയം ഭൂരിപക്ഷം ജില്ലകളിലും എ.ആര്‍ പൊലീസുകാര്‍ യൂണിഫോം മാറ്റി തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button