KeralaNews

കണ്ണൂര്‍ രാഷ്ട്രീയക്കൊലക്കളങ്ങള്‍ ആകുമ്പോള്‍ മൗനം പാലിച്ച് സാംസ്‌ക്കാരിക നായകന്‍മാര്‍

കണ്ണൂര്‍ : രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്ന സാംസ്‌ക്കാരിക നായകന്‍മാര്‍ രാഷ്ട്രീയകൊലപാതകങ്ങളെ കുറിച്ച് പ്രതികരിക്കാത്തത് മന:പൂര്‍വ്വം. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ടും കൊടുത്തും അരങ്ങേറുമ്പോള്‍ ഇതിനെതിരെ സാംസ്‌ക്കാരിക നായകന്‍മാര്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്നാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള നടക്കുമ്പോഴും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെയും സാഹിത്യകാരന്മാരുടെയും ഒന്നും പ്രതികരണം കാണാനില്ല. എം.ടിക്കും കമലിനുമെതിരെ ഫാസിസ്റ്റ് നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് നാടു നീളെ പറഞ്ഞു നടക്കുന്നവര്‍ ഇങ്ങനെയൊരു സംഭവം നടന്നതായി പോലും ഭാവിക്കാത്തത് ഇവരുടെ ഇരട്ടത്താപ്പാണ് പുറത്തു കൊണ്ടുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സന്തോഷ് കുമാറെന്ന ബി.ജെ.പി പ്രവര്‍ത്തകനെ ആയുധധാരികളായ സി.പി.എമ്മുകാര്‍ വീട്ടില്‍ കയറിയാണ് വെട്ടി കൊലപ്പെടുത്തിയത്. ഇതില്‍ നിന്നും കൊലപാതക രാഷ്ട്രീയം നടത്തുന്ന സിപിഎമ്മിന്റെ ക്രൂര മുഖം ഒരിക്കല്‍ കൂടി തുറന്നു കാണിക്കുകയാണ്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ പിണറായി ടൗണിനടുത്ത് വെച്ച് രമിത്തെന്ന ബി.ജെ.പി പ്രവര്‍ത്തകനെയും 14 വര്‍ഷം മുമ്പ് ബസ് തടഞ്ഞു നിര്‍ത്തി രമിത്തിന്റെ അച്ഛന്‍ ഉത്തമനെയും സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയിരുന്നു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് വീടിന് തീയിട്ട് ബിജെപി പ്രവര്‍ത്തകരായ വിമലയെയും രാധാകൃഷ്ണനെയും ചുട്ടുകരിച്ച ക്രൂരതയുടെ മുറിവുണങ്ങും മുമ്പാണ് സന്തോഷിന്റെ കൊലപാതകം.

ഇത്തരം സംഭവങ്ങളില്‍ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള ആരും പ്രതികരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രതിഷേധങ്ങളുടെ കാര്യം വരുമ്പോള്‍ സാമൂഹ്യ സാംസ്‌കാരിക നായകര്‍ കാണിക്കുന്ന ഇരട്ടത്താപ്പിന് കാരണം കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്നും വ്യക്തം.

സംസ്ഥാനത്ത് റേഷന്‍ മുടങ്ങുന്നു, വൈദ്യുതി പ്രതിസന്ധി, വെള്ളമില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ബി.ജെ.പിക്ക് അസഹിഷ്ണുതയുണ്ടെന്ന് പ്രചരിപ്പിക്കാന്‍ മാത്രമാണ് സിനിമാ സാഹിത്യ മേഖലയിലെ ചിലരും ശ്രമിക്കുന്നത്. സിപിഎം ആണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കില്‍ കൊടുംക്രൂരതയെ പോലും ന്യായീകരിക്കാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു ഉളുപ്പുമില്ല എന്നതും പൊതുസമൂഹം വീക്ഷിക്കുന്നുണ്ട്.

എം.ടി വാസുദേവന്‍ നായരും വിമര്‍ശിക്കപ്പെടാമെന്ന് കാനായി കുഞ്ഞിരാമനും സിവിക് ചന്ദ്രനും അലി അക്ബറുമൊക്കെ പ്രതികരിച്ചുവെങ്കിലും അതിന് വേണ്ടത്ര ശ്രദ്ധ കിട്ടാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചതും ആവിഷ്‌ക്കാര സ്വാതന്ത്ര്യക്കാരുടെ പൊയ്മുഖം തുറന്നു കാട്ടി.

shortlink

Related Articles

Post Your Comments


Back to top button