KeralaCinemaNews

ചലച്ചിത്രതാരങ്ങള്‍ കൈയൊഴിഞ്ഞു; ഫെഫ്കയുടെ ‘അഭിപ്രായ സ്വാതന്ത്ര്യ പ്രക്ഷോഭം’ പാളി

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സമരം പാളിയതില്‍ ആശങ്കയിലാണ് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊച്ചിയില്‍ മുഴുവന്‍ ചലച്ചിത്രതാരങ്ങളെ ഉള്‍പ്പടെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നായിരുന്നു ഫെഫ്കാ ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി അനുകൂലികള്‍ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പ്രതിഷേധിക്കാനായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലോ മമ്മൂട്ടിയോ ദിലീപോ ഉള്‍പ്പടെയുള്ള ഭൂരിപക്ഷം മുന്‍നിര അഭിനേതാക്കളും എത്തിയിരുന്നില്ല. ഫെഫ്കാ നേതാവിന്റെ മാനം രക്ഷിക്കാന്‍ അഭിനയരംഗത്തുനിന്നും മുന്‍നിരതാരങ്ങളില്‍ ആകെ എത്തിയത് മഞ്ജുവാര്യരും അനൂപ് മേനോനും മാത്രമാണ്. അതേസമയം ഇടതുപക്ഷ എം.പി കൂടിയായ ഇന്നസെന്റ് പോലും സമരത്തില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.

അഭിപ്രായ സ്വാതന്ത്യം അവകാശമാണെന്നു പ്രഖ്യാപിക്കാന്‍ വിളിച്ച ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പ്രമുഖ താരങ്ങള്‍ ഇല്ലാതെ പോയത് വ്യക്തിപരമായി ബി.ഉണ്ണികൃഷ്ണനും ക്ഷീണമായി. കമലിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ ശക്തമായി പിന്തുണച്ചുവന്നയാളാണ് ഉണ്ണിക്കൃഷ്ണന്‍. സുരേഷ് ഗോപിയെ കമല്‍ പൊതുവേദിയില്‍ അടിമ എന്നുവിളിച്ച് ആക്ഷേപിച്ചപ്പോള്‍ ബി.ഉണ്ണിക്കൃഷ്ണനു പ്രതിഷേധിക്കാന്‍ തോന്നിയില്ല എന്നതും നേരത്തെ ചര്‍ച്ചയായിരുന്നു.

അതേസമയം ഒരു വിഭാഗത്തെ എതിരാക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല എന്ന് ഭൂരിപക്ഷം താരങ്ങളും നേരത്തെ തന്നെ അറിയിച്ചിരുന്നതായി സൂചനയുണ്ട്. അതുകൊണ്ടുതന്നെ ഏറെ കൊട്ടിഘോഷിച്ച സമരം പാളുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ ഏറെ നിര്‍ബന്ധിച്ചാണ് മഞ്ജുവാര്യരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്നാണ് വിവരം. അതേസമയം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വിഷയമായ കമലോ എം.ടി വാസുദേവന്‍നായരോ ചടങ്ങിനെത്തിയില്ല എന്നതും കല്ലുകടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button