Kerala

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് ബിജെപി

തിരുവനന്തപുരം : കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമോയെന്നത് പിണറായി വിജയന്റെ ഭരണത്തെയും പക്വതയേയും ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുരളീധര്‍ റാവു.സംസ്ഥാനത്ത് തകര്‍ന്ന ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണ്ണര്‍ക്കു നിവേദനവും നല്‍കി. മുരളീധര്‍റാവുവിന്റെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടത്.

പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഭരണ പരാജയമുള്ളിടത്ത് കേന്ദ്ര സര്‍ക്കാരിന് ഇടപെടാനുള്ള സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനയിലുള്ള എല്ലാ സാധ്യതയും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും. സ്വന്തം ഭാഗം ദുര്‍ബലപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും പിണറായി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സംസ്ഥാന തലസ്ഥാനത്തേക്ക് പോലും അക്രമം വ്യാപിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഭരണമികവും ആത്മാര്‍ത്ഥതയുമാണ് ചോദ്യം ചെയ്യപ്പെടുക. പിണറായി, പാര്‍ട്ടി, പൊലീസ് എന്നിവരുടെ ഒത്തുകളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. കൊലയും ഭരണവും ഒത്തുപോകില്ലെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണം. രാഷ്ട്രീയ എതിരാളികളാണ് എന്നത് കൊല്ലപ്പെടാനുള്ള കാരണമാണോയെന്നും മുരളീധര്‍റാവു ചോദിച്ചു.

സംസ്ഥാനത്ത് വികസനം എന്നത് മരീചികയായി മാറിയിരിക്കുന്നു. ക്രമസമാധാന നില തകര്‍ന്ന ഒരു സംസ്ഥാനത്ത് വികസനം സാധ്യമാകില്ല. ഏകപക്ഷീയമായ അക്രമത്തേയും തിരിച്ചടിയേയും ഒരു പോലെ കാണരുത്. സ്വയരക്ഷക്ക് പോലും അക്രമം പാടില്ലെന്ന നിര്‍ദ്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അനില്‍കുമാര്‍, നേമത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ച് പരുക്കേല്‍പ്പിച്ച ഐഷാ ഷെറിന്‍, സിപിഎം അക്രമത്തില്‍ പരുക്കേറ്റ് കഴിയുന്ന ആര്‍എസ്എസ് നേതാവ് ജയപ്രകാശ് എന്നിവരുടെ വീടുകള്‍ മുരളീധര്‍റാവു സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ്.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button