Interviews

വിവാദം ആസൂത്രിതം ‘ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു”

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

കെ. പി ശശികല ടീച്ചര്‍. കേരളത്തിലെ ഹിന്ദു സമര വേദികളിലെ മുന്നണിപ്പോരാളി. പട്ടാമ്പിക്ക് അടുത്ത് മരുതൂര്‍ സ്വദേശം. വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചരിത്ര അധ്യാപിക. 2003 മുതല്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്. 2010 മുതല്‍ സംഘടനയുടെ സംസ്ഥാന അധ്യക്ഷ. ഒരുപക്ഷേ,കേരളത്തില്‍ ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട ഹൈന്ദവ സംഘടനാ നേതാവ് വേറെയില്ലെന്ന് പറയേണ്ടി വരും. എന്നാല്‍ തനിക്കെതിരെ വിവാദങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ടീച്ചര്‍ പറയുന്നത് ”താന്‍ പറയുന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. അതിന്റെ പേരിലുയരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല” എന്നാണ്. ടീച്ചറിനെ അടുത്തറിയാവുന്നവര്‍ക്ക് ആ ആത്മാര്‍ത്ഥ തിരിച്ചറിയാം. കാരണം, അവരുടെ സുഹൃദ് വലയത്തില്‍ ഹിന്ദുവെന്നോ മുസ്ളീമെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വേര്‍തിരിവ് ഇല്ല. ആരുടെയും എന്താവശ്യത്തിലും ടീച്ചര്‍ മുന്‍പന്തിയിലുണ്ടുതാനും. അടുത്ത കാലത്ത് തന്റെ അധ്യാപന ജീവിതത്തില്‍ ഏറെ വെല്ലുവിളികളാണ് ടീച്ചറിന് നേരിടേണ്ടി വന്നത്. എന്താണ് സത്യം? ആരോപണങ്ങളില്‍ എത്ര മാത്രം കഴമ്പുണ്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ടീച്ചര്‍ തന്നെ മറുപടി പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

? പലപ്പോഴും ഏറെ തെറ്റിദ്ധരിക്കപ്പെടുകയാണല്ലോ ടീച്ചര്‍…?

? ഞാന്‍ യാഥാര്‍ത്ഥ്യമാണ് പറയുന്നത്. അവ പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നു എന്നതാണ് വാസ്തവം ! പലപ്പോഴും മാധ്യങ്ങള്‍ ഉള്‍പ്പെടെ എന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഒരു മതത്തിനും ഒരു സമൂഹത്തിനും ഞാന്‍ എതിരല്ല. പക്ഷേ, ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് വേണ്ടി ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യും. ഇന്ത്യയില്‍ ഏറ്റവും അധികം മാധ്യമ വിചാരണ നേരിടുന്നത് ബഹുമാനപ്പെട്ട പ്രധാനമന്ത്രി അല്ലേ? എന്നാല്‍ നാളിത് വരെ അദ്ദേഹത്തിന് എതിരെ ഉയര്‍ന്ന ഏതെങ്കിലും ഒരു ആരോപണം ശരിയെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ടോ? ഇത്രയും വര്‍ഷമായിട്ടും അഴിമതിയുടെ കറ പുരണ്ടിട്ടോ? എടുക്കുന്ന നിലപാടുകളും തീരുമാനങ്ങളും ധീരമെന്നും സത്യസന്ധമെന്നും മറ്റുള്ളവര്‍ക്ക് തോന്നുമ്പോഴാണ് വിവാദങ്ങള്‍ ഉണ്ടാകുന്നത്. ചില സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളെ സ്വാഗതം ചെയ്യുന്നു. എനിക്ക് അതില്‍ ഒരു ദുഖവും ഇല്ല.

? സംവരണ വിഷയത്തില്‍ ടീച്ചറിന്റെ നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ടല്ലോ?

? വിമര്‍ശനം ഉണ്ടാകട്ടേ, ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഇവിടെ മതസംവരണം ആവശ്യമില്ല. ജാതി സംവരണം മതി. കാരണം ഏത് നിമിഷം വേണമെങ്കിലും മതം മാറാം. എന്നാല്‍ ‘ജാതി ‘ എന്നത് ഒരു സത്യമല്ലേ? അത് മാറാന്‍ കഴിയില്ല. മാത്രമല്ല ഇന്ന് ജാതി സംവരണം അനുഭവിക്കുന്നവര്‍ ഇപ്പോഴും മുഖ്യധാരയിലേക്ക് എത്തിയിട്ടില്ല. അവര്‍ അതിന് പ്രാപ്തരാകുന്നത് വരെ അവരെ കൈപിടിച്ച് ഉയര്‍ത്തണം. എന്നാല്‍ മതത്തിന്റെ പേരില്‍
സംവരണം അനുഭവിക്കുന്നവരുടെ സ്ഥിതി തീര്‍ത്തും വ്യത്യസ്ഥമാണ്.

? ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍…?

അധ്യാപന ജീവിതത്തില്‍ മുപ്പത്തിയാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് ഞാന്‍. എന്നാല്‍ കഴിഞ്ഞ 35 വര്‍ഷം വരെയും അധ്യാപകവൃത്തിയുമായി ബന്ധപ്പെട്ട് ഒരു വിവാദവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പക്ഷേ , 2016 ല്‍ വളരെ ആസൂത്രിതമായ അക്രമണമാണ് എനിക്ക് നേരെ ഉണ്ടായത്. ഇതിന് കാരണം ചില അബദ്ധ ധാരണകളാണ്. ചില വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യവും രാഷ്ട്രീയ ചിന്തകളും അതിന് അവരെ പ്രേരിപ്പിച്ചു. സ്കൂളിലെ താല്‍ക്കാലിക എച്ച്എം ചാര്‍ജുമായി ബന്ധപ്പെട്ട് ചിലരുടെ മൂഢമായ ധാരണകളാണ് ഇപ്പോഴുണ്ടായ അനാവശ്യ വിവാദങ്ങല്‍ക്ക് കാരണം. എച്ച്.എം ഇല്ലാത്തതിനാല്‍ സ്കൂളിലെ ഏറ്റവും സീനിയറായ അധ്യാപകനാണ് ചാര്‍ജ് കൈമാറിയിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെയും അസാന്നിദ്ധ്യത്തില്‍ ഏറ്റവും സീനിയറായ എനിക്ക് ആ ചുമതല നിര്‍വ്വഹിക്കേണ്ടി വന്നിട്ടുണ്ട്. ഇത് കാരണം ഞാന്‍ അടുത്ത എച്ച് എം ആകുമെന്ന് പലരും ഭയന്നു. ”ശശികല ടീച്ചര്‍ എച്ച് എം ആകാന്‍ പാടില്ലല്ലോ” എന്ന വെപ്രാളത്തില്‍ പലരും പലതും കാട്ടിക്കൂട്ടി. ഇതൊക്കെ പുറത്ത് നില്‍ക്കുന്ന ചിലരുടെ ഊഹാപോഹങ്ങള്‍ മാത്രമായിരുന്നു എന്നതാണ് സത്യം.

? ടീച്ചര്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ട് ലീവ് എടുക്കുന്നു എന്നാണ് പ്രചരണം?

? ശുദ്ധ അസംബന്ധം. പറയുമ്പോള്‍ അല്പമെങ്കിലും സത്യമുള്ള കാര്യങ്ങള്‍ പറയണം. ആയിരക്കണക്കിന് ശിഷ്യ സമ്പത്തിന് ഉടമയാണ് ഞാന്‍. അതില്‍ നാനാജാതി മതസ്ഥരും ഉണ്ട്. അവര്‍ക്കറിയാം എന്നെ… അധ്യാപന ജീവിതത്തില്‍ ഇന്നുവരെയും ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്റെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ വിജിലന്‍സും ഇന്റലിജന്‍സും പരിശോധിച്ചിട്ടുള്ളതാണ്. അവരുപോലും ഇത്തരത്തില്‍ ഒരു കുറ്റം എന്റെ മേല്‍ ചുമത്തിയിട്ടില്ല. മറ്റൊന്ന് , ഞാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ എല്ലാം തന്നെ പബ്ളിക് മീറ്റിംഗുകളാണ്. ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു സംശയം ഉണ്ടെങ്കില്‍ പരാതി നല്‍കുകയും രജിസ്റ്റര്‍ പരിശോധിക്കുകയും ചെയ്യട്ടേ… ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അല്ലാതെ നട്ടാല്‍ മുളക്കാത്ത ഇത്തരം നുണകള്‍ പ്രചരിപ്പിക്കുകയല്ല വേണ്ടത്.

? ടീച്ചറിന്റെ പല പ്രസ്താവനകളും വിവാദം ആകുന്നല്ലോ…?

? ആദ്യമേ പറഞ്ഞല്ലോ… ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് വേണ്ടിയാണ് എന്റെ ശബ്ദം. വിവാദം ഉണ്ടാക്കാന്‍ വേണ്ടി ഒന്നും പറയാറില്ല. പലതും മുന്‍വിധികളാണ്. ഒരു ഉദാഹരണം പറയാം, ചില മുസ്ളീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക വിസ നിഷേധിക്കുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ പ്രതികരണമാണ് സമൂഹം നടത്തിയത്. അത് മുസ്ളീംങ്ങള്‍ക്കെതിരെയെന്ന് വ്യാഖ്യാനിച്ചു. അതേസമയം മുസ്ളീം രാജ്യമായ കുവൈറ്റ് ഇതേ തീരുമാനം എടുത്തപ്പോള്‍ എന്തുകൊണ്ട് അമേരിക്കക്ക് എതിരെ ഉയര്‍ന്ന പോലെ ഒരു പ്രതിഷേധം ഉണ്ടായില്ല? മുന്‍വിധിയോടു കൂടി ഒരു കാര്യത്തെയും സമീപിക്കരുത്.

കാര്യ പ്രാപ്തിയും ദീര്‍ഘദര്‍ശനവുമാണ് ഒരു നേതാവില്‍ നിന്നും സംഘടന ആഗ്രഹിക്കുന്നത്. അതിന് ഉത്തമ നിദാനമാണ് കെ.പി ശശികല ടീച്ചര്‍. അതുകൊണ്ടാണ് ഒരു സമൂഹം മുഴുവനും അവര്‍ക്ക് പിന്നില്‍ അണിനിരക്കുന്നതും. ശശികല ടീച്ചര്‍ യാത്ര തുടരുന്നു, പ്രതിസന്ധികള്‍ മറികടന്ന്….

shortlink

Related Articles

Post Your Comments

Related Articles


Back to top button