Uncategorized

ഒരു നാടിന്റേയും അതിന്റെ സംസ്കാരത്തിന്റേയും ചരിത്രത്തിന്റേയും ഭാഗമാണ് പൂരം : പൂരത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസിന്റെ ശ്രദ്ധേയമായ ലേഖനം

കേരളത്തിലെ വിവിധ പൂരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച ആശയക്കുഴപ്പം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും വേണ്ടുന്ന നടപടി സ്വീകരിക്കണം. ഇത് ചെറിയ കാര്യമല്ലെന്ന് സര്‍ക്കാര്‍ മറക്കരുത്. തൃശൂര്‍, ഉത്രാളിക്കാവ്, നെന്മാറ തുടങ്ങിയ വെടിക്കെട്ടിന് പ്രാമുഖ്യം കല്പിച്ചിട്ടുള്ള പൂരങ്ങളുടെയും വേലകളുടെയും ഉത്സവങ്ങളുടെയും കാലമാണ് വരുന്നത്. അവിടെയൊക്കെ വെടിക്കെട്ട് നടത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പിന്നെ പെരുവനം പോലുള്ള പ്രശസ്തമായ പൂരങ്ങളും. അതൊക്കെ ഒരു നാടിന്റെ സംസ്കാരമാണ്. ഒരു ജനതയുടെ ജീവിതത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഈ ജനതയുടെ വികാരവും ഒരു നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും മറ്റും നില നിര്‍ത്താന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് വേഗത്തില്‍ ചിന്തിക്കേണ്ടത്. ചില ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതായി പറയുന്നുവെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല എന്നത് ഗൗരവതരമാണ്.

2008-ലെ എക്സ്പ്ലോസീവ് ചട്ടങ്ങള്‍ അനുസരിച്ചേ ഇന്നിപ്പോള്‍ വെടിക്കെട്ടും ഉത്സവവും മറ്റും നടത്താന്‍ കഴിയൂ. ആ ചട്ടങ്ങള്‍ പ്രകാരം രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറുമണിവരെ അതീവശക്തിയുള്ള വെടിക്കെട്ട് അനുവദനീയമല്ല. ഈ ചട്ടങ്ങള്‍ പാലിക്കാതെ ഇന്നിപ്പോള്‍ ഒന്നും ചെയ്യനുമാവില്ല. അനുമതിയ്ക്കായി സമീപിക്കുന്ന പൂരം-ക്ഷേത്ര കമ്മറ്റികളെ ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പിന്തിരിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അതായത് പരമ്പരാഗതമായി നടന്നുവരുന്ന വെടിക്കെട്ടിനും ഉത്സവങ്ങള്‍ക്കും അനുമതി നിഷേധിക്കുന്നു. അതുമാത്രമല്ല പ്രശ്നങ്ങള്‍. ആനയെ എഴുന്നെള്ളിക്കുന്നതും ഇന്നിപ്പോള്‍ പ്രശ്നമാണ്. ആന എഴുന്നള്ളത്തിന് കര്‍ക്കശമായ വ്യവസ്ഥകള്‍ ആണ് കോടതിയും സര്‍ക്കാരുകളും നടപ്പിലാക്കിയിരിക്കുന്നത്. അതുപ്രകാരം ഇന്നിപ്പോള്‍ ക്ഷേത്രങ്ങളിലെ പറയെടുപ്പ് ഏതാണ്ടൊക്കെ പൂര്‍ണമായും അവസാനിച്ചിരിക്കുന്നു. ഭഗവാന്‍ അല്ലെങ്കില്‍ ഭഗവതി നാട്ടിലെ ഭക്തരുടെ വീടുകളിലെത്തുന്നതായിരുന്നു പറയെടുപ്പിന്റെ പ്രാധാന്യം. അതാണിന്ന് നിലച്ചുപോയത്. അതിന് പുറമേ പൂരവും വെടിക്കെട്ടും ആനയെഴുന്നള്ളത്തും നിലച്ചാലോ? ഇവിടെ അവസാനിക്കാന്‍ പോകുന്നത് ഒരു പാരമ്പര്യമാണ്; ഒരു ചരിത്രമാണ്‌; ഒരു സംസ്കാരത്തിന്റെ വേരുകളാണ്. ഇത് ഒരു സമൂഹം കാണാതെ പോകരുത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ നിലപാട് വിശദമാക്കുന്നതില്‍ തെറ്റുപറയാനാവില്ല. നിലവിലെ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ക്കാവില്ല. അങ്ങിനെ ഇനി എന്തെങ്കിലും ചെയ്താല്‍ അവരവും ആദ്യം പ്രതികൂട്ടിലാവുക. കഴിഞ്ഞ വര്‍ഷം പുറ്റിങ്ങള്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് ഉണ്ടായ നിയമ നടപടികളും അതിനെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ ഉദ്യോഗസ്ഥരും ക്ഷേത്രക്കമ്മറ്റിക്കാരും ഒക്കെ നമ്മുടെയൊക്കെ മുന്നിലുണ്ടല്ലോ?. സ്വഭാവിമാണ്, റിസ്ക്‌ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവില്ല. എന്നാല്‍ വെടിക്കെട്ട് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാനും ആചാരവും അനുഷ്ഠാനവും നടത്താനും പതിവുപോലെ കഴിയണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചിലതൊക്കെ ചെയ്യാന്‍ കഴിയും. പൂരം നടത്തുന്നതിന് ആവശ്യമായ ‘നിയമ സംരക്ഷണം’ കോടതികളില്‍ നിന്ന് നേടാനും കഴിയണം.

ഇത്തരം പ്രശ്നങ്ങളില്‍ നമ്മുടെ ഹൈന്ദവ സംഘടനകള്‍ സ്വീകരിക്കുന്ന മൗനവും വിഷമമുണ്ടാകുന്നു. ഒരു മതത്തിന്റെ വിഷയമല്ലിത് എന്നറിയാം. ഒരു നാടിന്‍റെയും അതിന്റെ സംസ്കരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണിതെല്ലാം. അതിനൊപ്പം എല്ലാവരും അണിനിരക്കണം. അക്കാര്യത്തില്‍ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. എല്ലാ കക്ഷികളും ഈ വിഷയത്തില്‍ സമയവായത്തില്‍ എത്തുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button