Uncategorized

പൂച്ചക്കുട്ടികളാണെന്ന് കരുതി ആറുവയസ്സുകാരന്‍ പുള്ളിപ്പുലികളുടെ കുഞ്ഞുങ്ങളുമായി രണ്ട് ദിവസം കളിച്ച് നടന്നു

വിശാഖപട്ടണത്ത് പൂച്ചക്കുട്ടികളാണെന്ന് കരുതി ആറുവയസ്സുകാരന്‍ പുള്ളിപ്പുലികളുടെ കുഞ്ഞുങ്ങളുമായി രണ്ട് ദിവസം കളിച്ച് നടന്നു. പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളാണെന്നും അയല്‍വാസികള്‍ തിരിച്ചറിഞ്ഞതോടെ മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കിട്ടിയ രണ്ട് പൂച്ചക്കുഞ്ഞുങ്ങളുമായി മകന്‍ കളിക്കുന്നത് കണ്ടപ്പോള്‍ അച്ഛനും അമ്മക്കും സംശയമൊന്നും തോന്നിയില്ല. അവര്‍ നോക്കിയപ്പോഴും രണ്ട് പൂച്ചക്കുഞ്ഞുങ്ങളാണെന്ന് തന്നെയാണ് കരുതിയത്. വീട്ടുകാര്‍ ഇവറ്റകള്‍ക്ക് ഭക്ഷണവും പാലുമൊക്കെ കൊടുത്ത് സ്വന്തം വീട്ടില്‍ തന്നെ താമസിപ്പിച്ചു. മകന്‍ അവയെ പുറത്തു പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും മടിയിലാണ് ഉറക്കിയതെന്നും കുട്ടിയുടെ അമ്മ സരസ്വതി പറഞ്ഞു.

എന്നാല്‍ അയല്‍പക്കത്തെ താമസക്കാര്‍ക്ക് കുട്ടിയുടെ കൂടെയുള്ള പൂച്ചക്കുട്ടികളെ കണ്ടപ്പോള്‍ ചെറിയൊരു സംശയം തോന്നി. ആ സംശയം ബാലന്റെ വീട്ടുകാരുമായി പങ്ക് വെച്ചതോടെ ഇവര്‍ മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വീട്ടിലെത്തിയ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഇത് പൂച്ചക്കുട്ടികളല്ലെന്നും പുലിക്കുട്ടികളാണെന്നും തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ പുലിക്കുട്ടികളെ വാങ്ങിയ ഉദ്യോഗസ്ഥര്‍ 10 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം പുലിക്കുട്ടികള്‍ അപകടകാരികളല്ലെങ്കിലും ഇവറ്റകളെ എടുത്ത് കൊണ്ട് പോയത് അമ്മപുലി കണ്ടിരുന്നെങ്കില്‍ ബാലനെ അക്രമിച്ചേനെയെന്ന് ഫോറസ്‌ററ് അധികൃതര്‍ വ്യക്തമാക്കി. ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറ് കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാറുള്ള പുലിക്കുട്ടികള്‍ ആദ്യ 10 ദിവസം കഴിഞ്ഞാല്‍ മാത്രമേ കണ്ണ് തുറക്കുകയുള്ളൂ. അത് കൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസ്സാകുന്നത് വരെ ഇവറ്റകള്‍ പൂര്‍ണമായും അമ്മ പുലിയുടെ സംരക്ഷണത്തിലായിരിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button