NewsInternational

അപരിചതമായ കോളുകള്‍ സൂക്ഷിക്കുക ; നമ്മുടെ മേല്‍വിലാസം ഇങ്ങോട്ട് പറഞ്ഞാല്‍ ഒരിക്കലും ‘ യെസ് ‘ പറയരുതെന്ന് മുന്നറിയിപ്പ്

അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ പുതിയ മുന്നറിയിപ്പ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും തട്ടിപ്പ് വ്യാപകമാകുന്നുവെന്ന് പരാതിയുണ്ട്.

അമേരിക്കയില്‍ കഴിഞ്ഞ മാസത്തിലാണ് ‘യെസ്’ ഫോണ്‍ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ചില ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഫോണ്‍ വഴി ഇടപാടുകള്‍ ഉറപ്പിക്കുന്നവയാണ്. ഈ രീതിയെയാണ് ഫോണ്‍ വഴിയുള്ള തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നത്.

പ്രാദേശിക നമ്പറില്‍ നിന്നുള്ള ഫോണ്‍കോളാണ് ആദ്യം തട്ടിപ്പിന്റെ ഭാഗമായി ലഭിക്കുക. ഈ കോള്‍ എടുത്തു കഴിഞ്ഞാല്‍ മറുതലയ്ക്കലുള്ളവര്‍ സ്വയം പരിചയപ്പെടുത്തും. പേരും ജോലി ചെയ്യുന്ന സ്ഥാപനവും അടക്കം പറഞ്ഞായിരിക്കും പരിചയപ്പെടുത്തല്‍. ഇതിന് ശേഷം നിങ്ങള്‍ക്ക് കേള്‍ക്കുന്നുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിക്കും. ‘യെസ്’ എന്ന് പറഞ്ഞാല്‍ ഉടന്‍ ഫോണ്‍ കട്ടാവും.

ഈ ‘യെസ്’ ശബ്ദമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. റെക്കോഡ് ചെയ്യുന്ന യെസ് ശബ്ദം എഡിറ്റ് ചെയ്ത് നിരവധി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിയുടെ രൂപത്തിലേക്ക് മാറ്റുന്നു. യാതൊരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ക്കായി വലിയ തുക നല്‍കേണ്ടി വരുന്നതിനെതിരെ പ്രതികരിച്ചാല്‍ ഈ ശബ്ദരേഖയാണ് തട്ടിപ്പുകാര്‍ തെളിവായി കേള്‍പ്പിക്കുക. കൂടുതല്‍ തര്‍ക്കത്തിന് നിന്നാല്‍ നിയമപരമായി നീങ്ങുമെന്ന് പോലും ഇവര്‍ ഭീഷണിപ്പെടുത്തും.

അമേരിക്കയിലെ ഫ്ളോറിഡ, പെന്‍സുല്‍വേനിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നും തട്ടിപ്പ് റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. മാത്രമല്ല ദിവസങ്ങള്‍ കഴിയുംതോറും ഈ തട്ടിപ്പിന്റെ വ്യാപ്തി കൂടി വരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം ഫോണ്‍കോള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ കോള്‍ വിച്ഛേദിക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഇനി അഥവാ തട്ടിപ്പിനിരയായാല്‍ വൈകാതെ അധികൃതരെ സമീപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

shortlink

Post Your Comments


Back to top button