KeralaNews

നാലാം ക്ലാസുകാരന്റെ മനോധൈര്യം രക്ഷപ്പെടുത്തിയത് ആളിപ്പടര്‍ന്ന തീയില്‍നിന്ന് ഒരു കുടുംബത്തെ

തൊടുപുഴ: ഒരു കുടുംബത്തെയാണ് കിടപ്പുമുറിയില്‍ പടര്‍ന്നുപിടിച്ച തീയില്‍ നിന്നും ചേട്ടന്റെ കൈപിടിച്ച് പുറത്തേക്ക് ഓടിയ നാലാം ക്ലാസുകാരന്‍ ജോയേഷ് രക്ഷിച്ചത്. വ്യാഴാഴ്ച പുലര്‍​ച്ചെ രണ്ടരയോടെ തൊടുപുഴയ്ക്ക് സമീപം ചുങ്കം ചേരിയില്‍ ജോബി കുരുവിളയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ വച്ചിരുന്ന എയര്‍ കൂളറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചത്.

മുറിയില്‍ കിടന്നിരുന്നത് ഒന്‍പതു വയസ്സുകാരന്‍ ജോയേഷും ചേട്ടന്‍ പതിമൂന്നുകാരന്‍ ജോയലുമാണ്. ഉറക്കത്തില്‍ ദേഹം മുഴുവന്‍ ചുട്ടുപൊള്ളല്‍ അനുഭവപ്പെട്ട് ഞെട്ടിയെഴുന്നേറ്റ് ജോയേഷ് കാണുന്നത് വാതിലിനു സമീപത്തു വെച്ചിരിക്കുന്ന എയര്‍കൂളര്‍ കത്തിയാളുന്നതായിരുന്നു. താമസിക്കാതെ തന്നെ എയര്‍കൂളറില്‍ നിന്നുള്ള തീ കിടക്കയിലേക്കും പടർന്നു. ഉടൻ തന്നെ ചേട്ടന്‍ ജോയലിന്റെ കൈയില്‍ പിടിച്ച് വലിച്ച് കൂരിരുട്ടില്‍ മുറിയുടെ വാതില്‍ ലക്ഷ്യമായി ഓടി. പുക നിറഞ്ഞ മുറിയില്‍ തീയുടെ വെളിച്ചത്തിലാണ് വാതില്‍ കണ്ടെത്തിയതും ജേയേഷ് സഹോദരനുമൊത്ത് പുറത്തെത്തിയതും.

അതിനു ശേഷം ഉടൻ തന്നെ മാതാപിതാക്കളെ വിളിച്ചുണര്‍ത്തി വിവരം അറിയിച്ചു. പിതാവ് ജോബിയും മാതാവ് ബിജിയും ഉടന്‍തന്നെ എണ്‍പത്തേഴുകാരിയായ വൃദ്ധമാതാവ് മറിയക്കുട്ടിയെ ആദ്യം തന്നെ വീടിനു പുറത്തിറക്കി സുരക്ഷിതയാക്കി. ഇതിനകം മുറി പുര്‍ണ്ണമായും കത്തി. മുറിയിലുണ്ടായിരുന്ന കുട്ടികളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും വസ്ത്രങ്ങളും ഫര്‍ണിച്ചറും കത്തിനശിച്ചു. മറ്റു മുറികളിലും പുക നിറഞ്ഞു.

തൊട്ടടുത്ത് അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ രണ്ടെണ്ണം ഉണ്ടായിരുന്നു. എന്നാല്‍ തീ മൂലം ആര്‍ക്കും അവിടേക്ക് എത്താന്‍ പറ്റിയില്ല. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്. വീടിന്റെ ചുവരിനും വാര്‍ക്കയ്ക്കും കേടുപാടുണ്ട്. എങ്കിലും കുട്ടികള്‍ സുരക്ഷിതരായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജോബി. തൊടുപുഴ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോയലിന് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങള്‍ കത്തിനശിച്ചതിനല്‍ അടുത്തുള്ള സുഹൃത്തിന്റെ വസ്ത്രം വാങ്ങി ധരിച്ചാണ് ജോയല്‍ പരീക്ഷയ്ക്ക് പോയത്. ഇതേ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോയേഷ് വസ്ത്രങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ക്ലാസിലും പോയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button