India

ഉപഭോക്താക്കള്‍ക്ക് ആശ്വാസകരം: കേബിള്‍ ടിവി നിരക്കുകള്‍ ഇനി ട്രായ് നിയന്ത്രിക്കും

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇനി തോന്നിയ പോലെ നിരക്കുകള്‍ ഈടാക്കാന്‍ സാധിക്കില്ല. നിയന്ത്രണവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി രംഗത്ത്. കേബിള്‍ ടിവി നിരക്കുകള്‍ ഇനി ട്രായ് നിയന്ത്രിക്കും. എച്ച്.ഡി ഒഴികെയുള്ള 100 ചാനലുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പരമാവധി 130 രൂപ മാത്രമേ ഇടാക്കാന്‍ പാടുള്ളൂ.

130 രൂപയ്ക്ക് പുറമേ വിനോദ നികുതി കൂടി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. ഉത്തരവിന്റെ പകര്‍പ്പ് ട്രായിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ 200 മുതല്‍ 250 രൂപ വരെ ഇഷ്ടമുള്ള നിരക്കാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നത്. ട്രായ് കേബിള്‍ ടി.വി താരിഫ് പ്രസിദ്ധീകരിക്കുന്നത് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

സ്റ്റാര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ സ്റ്റേ. സ്റ്റേ നീക്കിയ സാഹചര്യത്തിലാണ് പുതിയ താരിഫ് ട്രായ് പുറത്തിറക്കിയത്. ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും ലഭ്യമാക്കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിശ്കര്‍ഷിച്ചിട്ടുള്ള ചാനലുകളെല്ലാം ഇതില്‍ ഉള്‍പ്പെടും. 100ന് ശേഷം 25 ചാനലുകള്‍ അടങ്ങിയ സ്ലാബുകളായാണ് മറ്റ് ചാനലുകള്‍ നല്‍കേണ്ടത്. ഒരു സ്ലാബിന് നികുതി ഒഴികെ പരമാവധി 20 രൂപ ഈടാക്കാം.

പുതിയ ഉത്തരവനുസരിച്ച് ഒരു ചാനലിന്റെ പരമാവധി വില്‍പ്പന വില പ്രതിമാസം 19 രൂപയായിരിക്കും. 19 രൂപയ്ക്ക് മുകളില്‍ ഈടാക്കുന്ന ചാനലുകളൊന്നും പാക്കേജുകളില്‍ ഉള്‍പ്പെടില്ല. പകരം ഇവ പ്രത്യേകം നല്‍കണം. വിലയില്‍ വിവേചനമില്ലാത്ത പുതിയ നിരക്ക് ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്നും ട്രായ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button