News

പ്രേതശല്യം: ബ്രസീല്‍ പ്രസിഡന്റ് ഔദ്യോഗിക വസതി ഉപേക്ഷിച്ചു

റിയോ ഡി ജെനീറോ: ലോകത്തെ തന്നെ പ്രധാനപ്പെട്ട ഒരു രാജ്യത്തെ സര്‍വ അധികാരവുമുള്ള ഒരു പ്രസിഡന്റ് ആണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, ഒപ്പം താമസത്തിനെത്തിയ പ്രേതം ഇതൊന്നും മൈന്‍ഡുചെയ്യുന്നേയില്ലെന്നാണ് ബ്രസീല്‍ പ്രസിഡന്റ് പറയുന്നത്. അടുത്തിടെ ബ്രസീലിന്റെ പ്രസിഡന്റായി നിയമിതനായ മൈക്കിള്‍ ടിമ്മര്‍റാണ് പ്രേതപ്പേടിയില്‍ കഷ്ടത്തിലായത്. ദില്‍മ റൂസഫിന്റെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലെത്തി ഔദ്യോഗിക വസതിയില്‍ താമസം തുടങ്ങിയതേയുള്ളൂ ടിമ്മര്‍. സര്‍വ സൗകര്യങ്ങളുമുള്ള വന്‍ കൊട്ടാരമാണ് പ്രസിഡന്റിന്റെ ഔദ്യോഗികവസതി അല്‍വരോഡ. പക്ഷെ ഈ വന്‍ സൗധത്തില്‍ പ്രേതം താമസിത്തിനെത്തിയാല്‍ എന്തു ചെയ്യും. ഒടുവില്‍ അല്‍വരോഡ കൊട്ടാരം ഉപേക്ഷിക്കേണ്ടിവന്നു ടിമ്മറിന്.

കുറച്ചുനാളായി പ്രേതശല്യം തുടങ്ങിയിട്ടത്രെ. കൊട്ടാരത്തിന്റെ സൗകര്യങ്ങള്‍ കണ്ട് ഒന്നു എത്തിനോക്കിയതാവും, ഉടന്‍ ബാധയൊഴിഞ്ഞ് പൊയ്‌ക്കൊള്ളുമെന്ന് ധാരണയിലായിരുന്നു പ്രസിഡന്റും കുടുംബവും. പക്ഷെ എത്തിനോക്കാനല്ല സ്ഥിരതാമസത്തിനാണ് എത്തിയതെന്ന് വ്യക്തമാക്കി പ്രേതം കൊട്ടാരത്തില്‍ വാസം തുടങ്ങിയതോടെയാണ് പ്രസിഡന്റും കുടുംബവും മാറിത്താമസിക്കാന്‍ തീരുമാനിച്ചത്. തനിയെ ചലിക്കുന്ന ഫര്‍ണീച്ചറുകള്‍, ഇടയ്ക്കിടെ കെടുകയും തെളിയുകയും ചെയ്യുന്ന ബള്‍ബുകള്‍… ഇവയൊക്കെയാണ് പ്രേതബാധയുടെ ലക്ഷണങ്ങളായി പ്രസിഡന്റ് കാണുന്നത്.

തനിക്ക് മാത്രമല്ല, ഭാര്യക്കും പ്രേതശല്യം അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രസിഡന്റ് പറയുന്നത്. കുറെ നാളായി പ്രേതശല്യത്തെ തുടര്‍ന്ന് കൊട്ടാരത്തില്‍ കിടന്ന് ഉറങ്ങാന്‍ പറ്റുന്നില്ല. ഒടുവിലാണ് കൊട്ടാരം വിടാന്‍ താനും ഭാര്യയും തീരുമാനിച്ചതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഭാര്യയെയും കുട്ടികളെയും കൂട്ടി ഒടുവില്‍ പ്രസിഡന്റ് മാറിയിരിക്കുന്നത് വൈസ് പ്രസിഡന്റുമാരുടെ വസതികളിലൊന്നിലേക്കാണ്. ഇനി ചില പൂജകളും കര്‍മങ്ങളും മറ്റും ചെയ്ത് പ്രേതത്തെ ഓടിച്ച ശേഷം അല്‍വരോഡയില്‍ തിരികെയെത്താനാണ് ടിമ്മറിന്റെ ആലോചന. ഫുട്‌ബോള്‍ മൈതാനം, സ്വിമ്മിംഗ് പൂളുകള്‍, മെഡിക്കല്‍ സെന്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള വസതിയാണ് പ്രസിഡന്റിന്റെ കൊട്ടാരം.

shortlink

Post Your Comments


Back to top button