Editorial

അന്ധമായ മോദി വിരോധത്തില്‍ മുഖം നഷ്ടപ്പെട്ട മാധ്യമങ്ങളും അതിനിടയാക്കിയ സാഹചര്യങ്ങളും

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്തവരാണ് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍. പ്രത്യേകിച്ചും ഈ ദേശീയ മാധ്യമങ്ങളുടെ മുഖമായി ശ്രദ്ധേയരായ മാധ്യമപ്രവര്‍ത്തകര്‍. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ബോധപൂര്‍വം ഇകഴ്ത്തിക്കെട്ടാനുള്ള ശ്രമം ഈ ദേശീയമാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും ആം ആദ്മിക്കും ബിഎസ്പിക്കും നല്‍കിയ പിന്തുണയുടെ നാലിലൊന്നുപോലും ബിജെപിക്ക് മാധ്യമങ്ങള്‍ നല്‍കിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് ദേശീയ മാധ്യമങ്ങള്‍ എന്തുകൊണ്ട് കൂട്ടത്തോടെ കേന്ദ്രസര്‍ക്കാരിനു എതിരാകുന്നു എന്ന് ചിന്തിക്കേണ്ടത്. ഈ മാധ്യമങ്ങളുടെ മുഖമായ മാധ്യമപ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അവരുടെ തനി നിറം വ്യക്തമാകും. എക്കണോമിക്‌സ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ സമാജ് വാദി പാര്‍ട്ടിക്ക് നല്‍കിയ പരസ്യ പിന്തുണ ഈ തെരഞ്ഞെടുപ്പില്‍ രാജ്യം നേരിട്ട് ബോധ്യപ്പെട്ടതാണ്. പഞ്ചാബാലും ഉത്തര്‍പ്രദേശിലും ബി.ജെ.പിയെ ഇകഴ്ത്തിക്കെട്ടാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ന്യൂസ് സ്റ്റോറികള്‍ ചമച്ചുകൊണ്ടിരുന്നു. ബിജെപിക്കുള്ളില്‍ ഭിന്നത ഉണ്ട് എന്നു വരുത്തി തീര്‍ക്കാനായിരുന്നു ചില മാധ്യമങ്ങളുടെ ശ്രമം. ബിജെപിക്കെതിരെ മത്സരിക്കുന്ന വിജയ സാധ്യത ഒട്ടും ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും വലിയ രീതിയില്‍ ഉയര്‍ത്തിക്കാട്ടാനും മാധ്യമങ്ങള്‍ ശ്രമിച്ചു. ബിജെപിക്കു വോട്ട് ചെയ്തിട്ടു കാര്യമില്ലെന്നു വരെ ചില മാധ്യമങ്ങള്‍ പറഞ്ഞുവച്ചു.

ഇതിനൊക്കെ പ്രാഥമിക കാരണമായി വിലയിരുത്തപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഇന്ത്യന്‍ ദേശീയമാധ്യമങ്ങളുടെ പകയാണ്. കാരണം മുന്‍ഗാമികളെപ്പോലെ മാധ്യമ പ്രശംസക്ക് നിന്നുകൊടുക്കുന്ന ആളല്ല മോദി. അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ മോദി എടുത്ത ആദ്യ തീരുമാനം തനിക്കു മാധ്യമങ്ങളുടെ അകമ്പടി വേണ്ട എന്നതായിരുന്നു. അനാവശ്യ സ്തുതിപാടലുകളില്‍ അദ്ദേഹത്തിന് ഒട്ടും താല്‍പര്യവുമില്ല. തന്റെ വിദേശ യാത്രകളില്‍ മാധ്യമപ്രവര്‍ത്തകരെ കൂട്ടേണ്ടതില്ലെന്നും അദ്ദേഹം തീരുമാനിച്ചു. സര്‍ക്കാര്‍ ചെലവില്‍ രാജ്യത്തെ നികുതി ദായകരുടെ പണം ഉപയോഗിച്ച് കറങ്ങിനടക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കീഴ്‌വഴക്കം ഇനി തന്റെ കീഴില്‍ നടക്കില്ല എന്ന ശക്തമായ തീരുമാനമായിരുന്നു മോദി കൈക്കൊണ്ടത്. ഇതോടെ പ്രധാനമന്ത്രിക്കൊപ്പം വിദേശത്ത് ചുറ്റിക്കറങ്ങി ഹരം പിടിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ഇപ്പോള്‍ പ്രധാനമന്ത്രിയെ അനുഗമിക്കണമെങ്കില്‍ സ്വന്തം ചെലവില്‍ യാത്ര ചെയ്യണം എന്ന അവസ്ഥയാണ്.

മറ്റൊന്ന് രാജ്യത്തെ ജനങ്ങളുടെ പള്‍സ് അറിയാന്‍ സ്റ്റുഡിയോ റൂമില്‍ വിശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. സാധാരണക്കാര്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാന്‍ ഇവര്‍ ഒരിക്കലും എ.സി മുറിയില്‍നിന്നും പുറത്തേക്ക് ഇറങ്ങുന്നില്ല എന്നുള്ളതാണ്. രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ എങ്ങനെ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നു, രാജ്യത്തെ ജനാധിപത്യ സ്വഭാവവും രാഷ്ട്രീയ താല്‍പര്യങ്ങളും എത്രത്തോളം മാറി എന്നും ഇവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. പഞ്ചാബില്‍ ആം ആദ്മി നൂറ് സീറ്റില്‍ വിജയിക്കുമെന്നൊക്കെ പച്ചക്ക് തട്ടിവിടുകയായിരുന്നു ചില മാധ്യമ പ്രവര്‍ത്തകര്‍ ചെയ്തത്. എന്നാല്‍ പഞ്ചാബിന്റെ യാഥാര്‍ഥ്യം തിരിച്ചറിയാതെ ആയിരുന്നു ഈ മാധ്യമങ്ങളുടെ ഇടപെടല്‍. ഏതായാലും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി പൂര്‍ത്തിയായതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഈ ദേശീയ മാധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കരുതെന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button