NewsIndia

ആഡംബരത്തിനും വി.ഐ.പി സംസ്കാരത്തിനും വിട നൽകി പഞ്ചാബ് സർക്കാർ

അമൃത്‍സർ: വി.ഐ.പി സംസ്കാരത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികളുമായി പഞ്ചാബ് സർക്കാർ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും സർക്കാർ ചെലവിലുള്ള വിദേശയാത്രകൾ വെട്ടിക്കുറച്ചും മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളിൽനിന്ന് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കിയും സർക്കാർ ചെലവിൽ വിരുന്നു നൽകുന്ന പരിപാടി പൂർണമായും അവസാനിപ്പിക്കാനുമാണ് സർക്കാരിന്റെ നീക്കം. പഞ്ചാബിൽ വിജയം നേടി സർക്കാർ രൂപീകരിച്ച കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ പ്രഥമ യോഗത്തിലാണ് ഈ തീരുമാനം ഉടലെടുത്തത്.

ബീക്കൺ ലൈറ്റുകൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളിൽനിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഇനി മുതൽ ചുവപ്പ്, മഞ്ഞ, നീല ബീക്കൺ ലൈറ്റുകളൊന്നും ഉപയോഗിക്കില്ല. അതേസമയം, പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്, ജഡ്ജിമാർ എന്നിവരുടെ വാഹനങ്ങളിൽ തുടർന്നും ബീക്കൺ‍ ലൈറ്റുകൾ ഉപയോഗിക്കും. ഇവയ്ക്കു പുറമെ, ആംബുലൻസ്, അഗ്നിശമന സേനയുടെ വാഹനങ്ങൾ എന്നിവയിലും ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടാകും. മന്ത്രിമാർ ഒന്നടങ്കമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കി. മന്ത്രിസഭാ യോഗം അവസാനിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ പുറത്തുവിട്ടത്.

രണ്ടു വർഷത്തേക്കു സർക്കാർ ചെലവിൽ മന്ത്രിമാരും എംഎൽഎമാരും വിദേശയാത്ര നടത്തുന്നത് നിരുത്സാഹപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി. എന്നാൽ, അത്യാവശ്യ സന്ദർഭങ്ങളിൽ വിദേശയാത്രയാകാം. സർക്കാർ ചെലവിൽ വിരുന്നുകൾ നടത്തുന്നതും വിലക്കിയിട്ടുണ്ട്. എംഎല്‍എമാരുടെ അലവൻസുകൾ ഉൾപ്പെടെയുള്ള ശമ്പളവിവരങ്ങൾ എല്ലമാസവും സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യപ്പെടുത്താനും ധാരണയായി. എംഎല്‍എമാരും എംപിമാരും എല്ലാ വർഷവും ജനുവരി ഒന്നിന് അവരുടെ സ്വത്തുവിവരങ്ങൾ പരസ്യമായി വെളിപ്പെടുത്താനും നിർദേശം നൽകും. ഈ വർഷം മാത്രം ജൂലൈ ഒന്നിനാകും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുക. കൂടാതെ മന്ത്രിമാരും എംഎൽഎമാരും തറക്കല്ലിടൽ പരിപാടികൾക്കും ഉദ്ഘാടന പരിപാടികൾക്കും പോകുന്നത് നിരുത്സാഹപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button