IndiaNews Story

രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തുമ്പോൾ പരാജയപ്പെടുന്നവര്‍ ഇന്നലെകളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ച് സന്ദീപ്‌ വാര്യര്‍ എഴുതുന്നത്‌

രണ്ടാം യുപിഎ സർക്കാർ രൂപീകരണ സമയത്ത് ബർഖ ദത്ത് വളരെ തിരക്കിലായിരുന്നു. രാജക്കും മാരനും ബാലുവിനുമൊക്കെ  ഏത് വകുപ്പുകൾ കൊടുക്കണമെന്നത് സംബന്ധിച്ചുള്ള ചർച്ചകളിൽ നീരാ റാഡിയ എന്ന അധികാര കേന്ദ്രങ്ങളിലെ  ഇടനിലക്കാരിയോടൊപ്പം  ചർച്ച നടത്തുന്ന തിരക്കിലായിരുന്നു ബർഖ. യുപിഎ മന്ത്രി സഭ  എങ്ങനെയാവണം  എന്നു വരെ തീരുമാനിച്ചിരുന്നത് എൻഡിടിവി ആയിരുന്നു.
ഗുലാം നബി ആസാദിനും കനിമൊഴിക്കും  കരുണാനിധിക്കും ഇടയിൽ പാലമായിരുന്നു ബർഖ ദത്ത്. പിന്നീട് നീര റാഡിയ ടേപ്പ്സ് എന്ന പേരിൽ ഈ ഫോൺ സംഭാഷണങ്ങൾ പുറത്തു വരികയുണ്ടായി. നമ്മുടെ ജനായത്ത സമ്പ്രദായത്തിൽ മാധ്യമങ്ങൾക്ക് നിർണ്ണായക പ്രാധാന്യമാണ് കൽപ്പിച്ചിട്ടുള്ളത് എന്നത് സമ്മതിക്കുന്നു. എന്നാൽ യുപിഎ കാലത്ത് ഒരു വിഭാഗം മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും സോണിയാ ഗാന്ധിയുടെ പി.ആർ വർക്കാണ് ചെയ്തിരുന്നത് എന്നായിരുന്നു ആരോപണം.
പല വിഷയങ്ങളിലും പ്രതിപക്ഷ വിമർശനവും ജന രോഷവും കാരണം യുപിഎ സർക്കാരിന് തീരുമാനം മാറ്റേണ്ടി വരുമ്പോൾ വിചിത്രമായ ഒരു വാർത്ത നിർബന്ധമായിരുന്നു. “സോണിയ പൊട്ടിത്തെറിച്ചു, തീരുമാനം മാറ്റി “. വാസ്തവത്തിൽ സോണിയ അറിയാതെ ഒരു ഇല പോലും അനങ്ങാതിരുന്ന “ആക്സിഡൻറൽ പ്രൈം മിനിസ്റ്ററുടെ ”  ഭരണകാലത്ത്  ജന രോഷത്തിൽ നിന്നും ഗാന്ധി കുടുംബത്തെ രക്ഷിച്ചു നിർത്താനുള്ള പത്രക്കാരുടെ അടവായിരുന്നു അത്തരം വാർത്തകൾ. പ്രത്യുപകാരമായി ‘ല്യൂട്ടൻസ് ‘ മാധ്യമ പ്രവർത്തകർ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളിലെ ജംബോ സംഘങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടു.
പ്രധാനമന്ത്രിയോടൊപ്പം സൗജന്യ വിദേശയാത്ര, മുന്തിയ പഞ്ചനക്ഷത്ര താമസം, ഇഷ്ടം പോലെ സൗജന്യ ഷോപ്പിംഗ്. ഒന്നാം യുപിഎ സർക്കാർ അധികാരം നിലനിർത്താൻ എംപിമാരെ വിലക്ക് വാങ്ങുന്ന സ്റ്റിംഗ് ഓപ്പറേഷൻ വരെ ല്യൂട്ടൻസ് മാധ്യമങ്ങൾ മുക്കി. വാദിയെ പ്രതിയാക്കി വാർത്ത കൊടുത്ത് യുപിഎയെയും സോണിയാ ഗാന്ധിയെയും രക്ഷിച്ചെടുത്തു. അതിനിടയിൽ രാജ്യം രക്ഷപ്പെട്ടത് ല്യൂട്ടൻസ് സിൻഡിക്കേറ്റിൽ വരാത്ത  ജെ.ഗോപീകൃഷ്ണൻ എന്ന സത്യസന്ധനായ മാധ്യമ പ്രവർത്തകനും സോണിയ ഭക്തരല്ലാത്ത ദ പയനിയർ പത്രവും ഉള്ളതുകൊണ്ട് മാത്രമാണ്.
ഗോപീകൃഷ്ണൻ 2 ജി അഴിമതി പുറത്ത് കൊണ്ടുവന്നതായിരുന്നു യുപിഎ ഭരണത്തിന്റെ അന്ത്യത്തിന്റെ ആരംഭം. ഒന്നിനു പുറകെ ഒന്നായി അഴിമതികൾ അർണോബ് ഗോസ്വാമിയും പുറത്തു കൊണ്ടുവന്നു. അപ്പോഴും നമ്മുടെ ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശമുൾപ്പെടെയുള്ള ഡൽഹിയിൽ സ്ഥിര താമസമായ  മാധ്യമപ്രവർത്തകർ കോൺഗ്രസിനു തന്നെയായിരുന്നു പിന്തുണ കൊടുത്തത്. 2011 ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് ആദ്യമായി ടെലിവിഷൻ എഡിറ്റർമാർക്കായി ഒരു തത്സമയ പത്രസമ്മേളനം നടത്തി.
അന്ന് ചോദ്യം ചോദിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ  അർണോബ് ഗോസ്വാമി മാത്രമാണ് അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രിയോട് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചത്. അർണോബിന്റെ ചോദ്യങ്ങൾക്കു  മുന്നിൽ വെള്ളം കുടിച്ച മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. നിരവധി അഴിമതി ആരോപണങ്ങളാൽ പ്രധാനമന്ത്രി വരെ സംശയമുനയിലായിരുന്ന കാലത്ത് അത്യപൂർവ്വമായി  പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിക്കാവുന്ന അവസരം ലഭിച്ചപ്പോൾ പ്രശാന്ത് രഘുവംശം ഉന്നയിച്ച ചോദ്യം അദ്ദേഹത്തിന്റെ  ഗ്രാഫ് വെളിപ്പെടുത്തുന്നതായിരുന്നു .
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന്റെ സാധ്യത മൻമോഹൻ സിങ്ങിനോട് പ്രവചിക്കാൻ ആവശ്യപ്പെട്ടു പ്രശാന്ത് രഘുവംശം. ജസ്റ്റിസ് ബാലകൃഷ്ണന്റെ പേരിലുയർന്ന ആരോപണങ്ങളോട് പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്ന ആക്ഷേപം ജസ്റ്റിസ് കൃഷ്ണയ്യർക്കുണ്ടെന്നും  പ്രശാന്ത് രഘുവംശം ഭവ്യതയോടെ അറിയിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പത്ര സമ്മേളന നാടകം തകർത്തത് ടൈംസ് നൗ പ്രതിനിധിയായി ചെന്ന അർണോബായിരുന്നു . പറഞ്ഞു വന്നത് മാധ്യമ പ്രവർത്തകർ ഭരണത്തിന്റെ ഇടനാഴികളിൽ സജീവമായിരുന്ന മൻമോഹൻ സിങ്ങ് കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് മോദി കാലഘട്ടം എന്നാണ്.
മോദി മന്ത്രിസഭ അധികാരമേൽക്കുന്ന  നിമിഷം  വരെയും ഔദ്യോഗിക പത്രക്കുറിപ്പ് ഇറങ്ങുന്നത് വരെയും മന്ത്രിമാരെ സംബന്ധിച്ചും പോർട്ട് ഫോളിയോസ് സംബന്ധിച്ചും ഒരു വിവരവും പത്രക്കാർക്ക് കിട്ടിയില്ല. ഒന്നും ചോർത്തിയെടുക്കാൻ പത്രക്കാർക്ക് കഴിഞ്ഞില്ല. വിദേശപര്യടനങ്ങളിൽ  സൗജന്യമായി മാധ്യമ പ്രവർത്തകരെ കൊണ്ടു പോകുന്നത് മോദി നിർത്തിക്കളഞ്ഞു. അതോടെ  സൗഭാഗ്യം നഷ്ടപ്പെട്ട ല്യൂട്ടൻസ് സിൻഡിക്കേറ്റ് മോദി സർക്കാരിനെ ഇരുന്നും കിടന്നും നടന്നും വിമർശിച്ചു.
മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിൽ, പാക്കിസ്ഥാനിലേക്ക് പോയതിൽ, ഡീ മോണിറ്റൈസേഷൻ പ്രഖ്യാപനം, മോദി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരു സൂചന പോലും പത്രക്കാർക്ക് കിട്ടിയില്ല. ദൂരദർശനും ആകാശവാണിയും ആയുധമാക്കി മോദി ജനങ്ങളിലെത്തി. സോഷ്യൽ മീഡിയ, ആപ്പ് വഴി രാജ്യത്തെ പൗരൻമാരുമായി നേരിട്ട് സംവദിച്ചു. ഇന്നലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയെ തീരുമാനിച്ചപ്പോഴും അവസാന നിമിഷം വരെ ഊഹിക്കാൻ മാത്രമേ പത്രക്കാർക്ക് കഴിഞ്ഞുള്ളൂ. ഡൽഹിയിലെ മാധ്യമ പ്രവർത്തകർ മോദിയുടെ മുന്നിൽ  പൂർണമായും പരാജയപ്പെട്ടിരിക്കുന്നു .
രാംനാഥ് കോവിന്ദ് എന്ന ദളിത് നേതാവ് രാഷ്ട്രപതിയാവും എന്ന് പ്രവചിക്കാൻ ഒരു മാധ്യമ പ്രവർത്തകനും കഴിഞ്ഞില്ല. അതിന്റെ ജാള്യത മുഴുവൻ ഇന്ന് അവരുടെ പ്രതികരണങ്ങളിൽ കാണുന്നു.രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തുമ്പോൾ പരാജയപ്പെടുന്നവർ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല , തങ്ങൾ പറയുന്നതേ ഇന്ത്യയിൽ നടക്കൂ എന്ന് ചിന്തിച്ചിരുന്ന അഹംഭാവികളായ ല്യൂട്ടൻസ് മാധ്യമ സിൻഡിക്കേറ്റ് കൂടിയാണ്.
സന്ദീപ്‌.ജി.വാര്യര്‍, 
ബോർഡ് മെമ്പർ, ആൾ ഇന്ത്യ ഹാൻറ് ലൂം ബോർഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button