KeralaNewsIndia

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്നു കോടതി വ്യക്തമാക്കി. സുപ്രീം കോടതി സംരക്ഷിക്കാൻ ശ്രമിച്ചവരെപ്പോലും സർക്കാർ ബുദ്ധിമുട്ടിക്കുകയാണ്. എൻആർഐ സീറ്റിൽ കൂടുതൽ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിയും പാലിക്കുന്നില്ല. സ്വകാര്യ കോളജുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വിശദമായ വാദം ചൊവ്വാഴ്ച കേൾക്കും. ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങളും കോടതി ഉത്തരവുകളും ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു.

ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീർണമാക്കി. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ സർക്കാർ പരിഗണിക്കുന്നില്ല. അവരുടെ അവസ്ഥയെന്താണെന്ന് ആരും ചിന്തിക്കുന്നില്ല. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിർണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യംചെയ്തു സ്വാശ്രയ മാനേജ്മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചതിനെ നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു.

പ്രവേശനവുമായി മുന്നോട്ടുപോകാനും ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു കോഴിക്കോട് കെഎംസിടി, എറണാകുളം ശ്രീനാരായണ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചു. 11 ലക്ഷം രൂപ വരെ ഫീസ് ഇൗടാക്കാൻ കോളജുകൾക്ക് അനുമതി നൽകിയ സുപ്രീംകോടതി, കേസ് ഉടൻ തീർപ്പാക്കാൻ ഹൈക്കോടതിയോടു നിർദേശിക്കുകയായിരുന്നു. ഫീസ് എത്രയെന്നറിയാതെ മെഡിക്കൽ, ഡെന്റൽ കോളജുകളിലേക്കു ശനിയാഴ്ച സർക്കാർ അലോട്മെന്റ് നടത്തിയതിനെതിരെ വിദ്യാർഥികളും ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button