Uncategorized

ഡോ.സാക്കിര്‍ നായിക്കിനെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് വേണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി

മുംബൈ: മതപ്രഭാഷകന്‍ ഡോ.സാക്കിര്‍ നായിക്കിനെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. നേരത്തെ ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ക്ക് ഇന്റര്‍പോളോ ഇന്ത്യോ വല്ല നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെങ്കില്‍ അത് രേഖകളില്‍ നിന്ന് നീക്കം ചെയ്യാനും ഇന്റര്‍പോള്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം, ഇന്റര്‍പോള്‍ തീരുമാനത്തില്‍ എനിക്ക് ആശ്വാസമുണ്ടെന്നും എന്റെ ഇന്ത്യയിലെ സര്‍ക്കാറും ഇന്ത്യന്‍ ഏജന്‍സികളും നീതി തരുന്നതാണ് കൂടുതല്‍ ആശ്വാസകരമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പ്രകോപനപരമായ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നായിരുന്നു സാക്കിര്‍ നായിക്കിനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ ഭീകര പ്രവര്‍ത്തനത്തിനായി വലിയ തോതില്‍ പണപ്പിരിവ് നടത്തുന്നതായും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ എന്‍.ഐ.എ അന്വേഷണം ആരംഭിക്കുകയും ഒക്ടോബറില്‍ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. മലേഷ്യയില്‍ സ്ഥിരതാമസമാക്കാന്‍ നായിക്കിന് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ സാക്കിറിനെതിരെ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നാണ് ഇപ്പോള്‍ ഇന്റര്‍പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ത്യയുടെ ആവശ്യം അപക്വമെന്ന് പറഞ്ഞ ഇന്റര്‍പോള്‍ പൊലിസ് നായിക്കിനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെന്ന കാര്യവും വ്യക്തമാക്കി. രാഷ്ട്രീയവും മതപരവുമായ പക്ഷപാതിത്വവും റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന ആവശ്യത്തിലേക്ക് നയിച്ചെന്ന് ഇന്റര്‍പോള്‍ കുറ്റപ്പെടുത്തി. സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്ന നിര്‍ദേശം ഇന്റര്‍പോള്‍ കമ്മീഷന്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button