പരിസരം മറന്ന് അഭിനന്ദന സൂചകമായി സ്‌കൂളിൽ ആലിംഗനം ചെയ്ത വിവാദ വിഷയം ;ശശിതരൂർ ഇടപെട്ട് പരിഹരിച്ചതിങ്ങനെ

തിരുവനന്തപുരം: മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ഒത്തു തീര്‍പ്പായി. ബുധനാഴ്ച പെണ്‍കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനം. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച നടക്കുന്ന പരീക്ഷ എഴുതാനും അനുവാദം നല്‍കി. ശശി തരൂരിന്റെ മധ്യസ്ഥതയിലാണ് വിവാദം ഒത്തുതീര്‍ന്നത്.

സ്കൂള്‍ കലാമത്സരത്തില്‍ വിജയിച്ച പെണ്‍ സുഹൃത്തിനെ അഭിനന്ദിച്ചു ആലിംഗനം ചെയ്‌തെന്ന പേരിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്. പ്ലസ്ടു വിദ്യാര്‍ഥിക്കും പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിക്കുമാണ് ദുരനുഭവം ഉണ്ടായത്. ജൂലൈ 21 ന് സ്കൂള്‍ കലോല്‍സവത്തിൽ പാശ്ചാത്യ സംഗീതമത്സരത്തിൽ പങ്കെടുത്ത കൂട്ടുകാരിയെ അഭിനന്ദിക്കാൻ നടത്തിയ ആലിംഗനമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആൺകുട്ടിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കോടതി ബാലാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി.

കുട്ടികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കുമെന്ന് നേരത്തെതന്നെ സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു. അതിന് പുറമെയാണ് പെണ്‍കുട്ടിയെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. സസ്‌പെന്‍ഷനിലായിരുന്ന ദിവസങ്ങളിലെ ഹാജര്‍ സംബന്ധിച്ച് സിബിഎസ്ഇ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങാന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ മുന്‍കൈയെടുക്കാമെന്ന് ധാരണയായി.

Share
Leave a Comment