യാക്കോബായ സഭയിലെ മെത്രാനും ഭൂമി വിവാദത്തില്‍

കൊച്ചി: യാക്കോബായ സഭയിലെ മെത്രാനും ഭൂമിവിവാദത്തില്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്നാലെ യാക്കോബായ സഭയിലെ കൊച്ചി മെത്രാപ്പോലീത്തായും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് ഭൂമി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

കൊച്ചി മരടില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളിന്റെ സ്ഥലത്തെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്നും തണ്ണിര്‍തട നിയമം ലംഘച്ചു എന്നുമാണ് പരാതിയുടെ അടിസ്ഥാനം.

രണ്ട് പതിറ്റാണ്ട് മുന്‍പ് വാങ്ങിയ ഭൂമിയെ ചൊല്ലി നിരവധി അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ ഒന്നാം പ്രതിയാക്കിയും,ജില്ലാ കളക്ടര്‍, കണയന്നൂര്‍ തഹസീല്‍ദാര്‍, താലൂക്ക് സര്‍വ്വയര്‍, മുന്‍സിപ്പല്‍ സെക്രട്ടറി, സ്ഥലം ഉടമയായിരുന്ന എഡ്വവേഡ് തുടങ്ങി ആറ് പേരെക്കൂടി പ്രതിസ്ഥാനത്ത് ഉള്‍ക്കൊള്ളിച്ച് സാമൂഹിക – വിവരാവകാശ പ്രവര്‍ത്തകനായ സേവ്യര്‍ ജോസഫ് , ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂര്‍ മുഖേന കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിന്റെ ആദ്യ പടിയായി ആറ് പ്രതി പട്ടികയില്‍ ഉള്ളവര്‍ക്കും നോട്ടീസ് അയച്ചു. 15 ദിവസത്തിനകം ത്യപ്തികരമല്ലാത്ത മറുപടി ലഭിച്ചാല്‍ ഹൈക്കോടതിയില്‍ കേസ് നടത്താനാണ് തീരുമാനം. അനധികൃത കെട്ടിടനിര്‍മ്മാണം, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, പരിസ്ഥിതി നിയമം ലഘനം തണ്ണീര്‍തട സംരക്ഷണ നിയമ ലംഘനം എന്നി വകുപ്പുകള്‍ ചേര്‍ത്താണ് വക്കില്‍ നോട്ടീസ് നോട്ടീസ് അയച്ചിട്ടുള്ളത്. മരടില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരേക്കറിലധികം സര്‍ക്കാര്‍ ഭൂമിയുണ്ടെന്നും ഇത് അളന്ന് തിരിച്ച് റവന്യൂ ഭൂമിയായി പ്രഖ്യാപിക്കണമെന്നുമാണ് സേവ്യര്‍ ജോസഫിന്റ ആവശ്യം.

നെല്‍വയല്‍ എന്ന് നേരത്തെ ബി ടി ആറില്‍ നേരത്തെ പരാമര്‍ശിക്കപ്പെട്ടിരുന്ന സ്ഥലം ഒരു ദശാബ്ദം മുമ്പ് മണ്ണിട്ട് നികത്തിയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്നും ഈ ഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. 5.3ഏക്കര്‍ സ്ഥലത്തിന് കരം അടയ്ക്കുമ്പോഴും 6 ഏക്കറിലധികം കൈവശം വച്ചിരിക്കുകയാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. നിരവധി കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിട്ടും സ്വാധിനം ഉപയോഗിച്ച് അന്വേഷണങ്ങള്‍ അട്ടിമറിക്കുകയാണെന്നും പറയുന്നു.

 

Share
Leave a Comment