ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് ഹൈക്കോടതി മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് പൊതുജനാഭിപ്രായം കണക്കിലെടുക്കണം. ഇതിന് നിയമഭേദഗതി വേണം.നിലവിലെ രീതി ഭരണഘടനാവിരുദ്ധമാണെന്ന വാദം അംഗീകരിച്ചില്ല. ദേവസ്വം നിയമനങ്ങളുടെ നിയമസാധുത ഹൈക്കോടതി ശരിവെച്ചു.

ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്നും ബദല്‍ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടാണ് ടി.ജി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും താല്‍പര്യത്തിന് അനുസരിച്ചാണെന്നും ഹിന്ദുമത വിശ്വാസ പ്രകാരമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമസഭയിലെ ഹിന്ദു എം.എല്‍.എമാര്‍ ചേര്‍ന്നാണ് ബോര്‍ഡിലേക്കുള്ള ഒരംഗത്തെ തെരഞ്ഞെടുക്കുന്നത്. മറ്റ് രണ്ടു പേരെ മന്ത്രിസഭയിലെ ഹിന്ദുക്കളായവരാണ് തെരഞ്ഞെടുക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന നിര്‍ദേശ പ്രകാരമാണ് ഇൗ തെരഞ്ഞെടുപ്പെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Share
Leave a Comment