Kerala

യുവതിയുടെ മരണം : നാരങ്ങാവെള്ളം കുടിച്ചതിനു പിന്നാലെ ചെമ്മീന്‍ കഴിച്ചത്് : ആശങ്കയ്ക്ക് വഴിവെച്ച് ഡോക്ടര്‍മാരുടെ അഭിപ്രായം ഇങ്ങനെ

കൊച്ചി : ശരീരത്തിലെത്തിച്ചേര്‍ന്ന വിഷാംശത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. അങ്ങനെ ഒരു അപൂര്‍വ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കാരയ്ക്കല്‍ തൈയില്‍ പറമ്പില്‍ ടി.ജി ഗോപകുമാറിന്റെ മകളും ഹരിപ്പാട് പള്ളിപ്പാട് കൃഷ്ണവിലാസത്തില്‍ രാജീവ് വാസുദേവന്‍ പിള്ളയുടെ ഭാര്യയുമായ വിദ്യയാണ് (23) ഇന്നലെ രാവിലെ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ മരിച്ചത്. കടുത്ത ഛര്‍ദിയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടും ഛര്‍ദിച്ച് അസുഖം മൂര്‍ഛിക്കുകയും പെട്ടെന്ന് മരിക്കുകയുമായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി. ആന്തരികാവയവങ്ങള്‍ ഫോറന്‍സിക്-ലബോറട്ടറി പരിശോധനയ്ക്ക് കൈമാറി.

എന്തു കഴിച്ചിട്ടാണ് വിഷബാധയേറ്റത് എന്ന കാര്യം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിഷപദാര്‍ഥങ്ങള്‍ ഒന്നും ഉള്ളില്‍ ചെന്നിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, നാരങ്ങയും കൊഞ്ചും ഒരുമിച്ച് ആമാശയത്തില്‍ ചെന്നാല്‍ മാരകവിഷമായി ചിലര്‍ക്ക് മാറുമെന്നും അതാകാം മരണത്തിന് കാരണമെന്നുമാണ് ആദ്യ കണ്ടെത്തല്‍. പക്ഷേ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയില്‍ മാത്രമേ ഈ വാദം ശരിയാണോയെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വെള്ളിയാഴ്ച പകല്‍ നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ വിദ്യ കൊഞ്ചു കറി കഴിച്ചുവെന്ന് വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു മരണം ആദ്യത്തേതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നേരത്തേ സംസ്ഥാനത്തിന് പുറത്ത് ഇത്തരം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണകാരണം ഇതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മനുഷ്യരിലും ഈ മാരക കോമ്പിനേഷന്‍ വിഷമായി മാറാനുള്ള സാധ്യതയില്ലെന്നും എന്നാല്‍ അപൂര്‍വമായി അങ്ങനെ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒന്നര വയസുള്ള കാര്‍ത്തികേയന്‍ മകനാണ്.

കഴിഞ്ഞമാസം സമാന രീതിയില്‍ ഒരു വിദ്യാര്‍ത്ഥിനി മരിച്ചതോടെയാണ് കൊഞ്ചില്‍ വിഷാംശം ഉണ്ടെന്ന നിലയില്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അനാമികയാണ് കുഴഞ്ഞുവീണ് മരിച്ചത്. കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.

അവധിക്കാലം ആഘോഷിക്കാനായി എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടി കൊഞ്ച് ബിരിയാണി കഴിച്ചിരുന്നു. ആസ്മയുടെ അസുഖം ഉണ്ടായിരുന്ന അനാമികക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇന്‍ഹെയ്‌ലര്‍ എടുക്കാന്‍ മറന്നതും അസുഖത്തിന്റെ വ്യാപ്തി കൂട്ടി. ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് സംസ്‌കരിച്ചത്. തൃപ്പൂണിത്തുറയിലെ ഡോ. അനിലിന്റെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button