Kerala

യഥാര്‍ത്ഥ പുരുഷന്‍ അല്ലാത്തവരുടെ ഊണും ഉറക്കവും രതിസുഖവും ഞങ്ങളുടെ ബാധ്യതയല്ല; വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്

തിരുവനന്തപുരം: യഥാര്‍ത്ഥ പുരുഷന്‍ എങ്ങനെയൊക്കെ ആയിരിക്കണമെന്നുള്ള അഭിപ്രായം വ്യക്തമാക്കി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഇതൊരു പുരുഷ വിരോധ പോസ്റ്റല്ലെന്നും യഥാര്‍ഥ പുരുഷനെ തിരിച്ചറിയുവാനും സ്‌നേഹിക്കുവാനും കൂടെ ചേര്‍ത്തു നിര്‍ത്തുവാനും ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അഭിപ്രായമാണെന്നുമുള്ള ആമുഖത്തോടെയാണ് ശാരദക്കുട്ടിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇതൊരു പുരുഷ വിരോധ പോസ്റ്റല്ല. യഥാര്‍ത്ഥ പുരുഷനെ തിരിച്ചറിയുവാനും സ്‌നേഹിക്കുവാനും കൂടെ ചേര്‍ത്തു നിര്‍ത്തുവാനും ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അഭിപ്രായമാണ്. പ്രതിജ്ഞയാണ്.

അരിസ്‌റ്റോഫിനിസിന്റെ നാടകത്തിലെ നായികയായ ലിസിസ്ട്രാറ്റാ ഗ്രീസിലെ സ്ത്രീകളെ ഒരു വിചിത്രമായ യുദ്ധതന്ത്രം പഠിപ്പിക്കുന്നുണ്ട്. അക്രമങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കുന്നതു വരെ, യഥാര്‍ഥ മനുഷ്യത്വത്തിന്റെ വില അവര്‍ മനസ്സിലാക്കുന്നതു വരെ, കാമുകന്മാരോടോ ഭര്‍ത്താക്കന്മാരോടോ ഒപ്പം ശയിക്കാന്‍ ഒരു സ്ത്രീയും തയ്യാറാകരുത്. കരുതലും പ്രണയവും രതിയും നിഷേധിക്കുകയാണ് ഇവര്‍ ഈ പുതിയ സമരമുറയിലൂടെ. വീഞ്ഞു ഭരണിയുടെ മേല്‍ കൈകള്‍ വെച്ച്‌ സ്ത്രീകള്‍ കൂട്ടമായി ശപഥം ചെയ്യുകയാണ്.
ആണുങ്ങള്‍ക്ക് യഥാര്‍ഥ ആസക്തിയും ആത്മാര്‍ഥതയും ലോകസമാധാനത്തോടല്ല ലൈംഗികതയോടു മാത്രമാണെന്നും അതു പൂര്‍ണ്ണമായും നിഷേധിക്കുക മാത്രമാണ് ഇവരെ ക്രൂരതകളില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള വഴി എന്നുമാണ് ലിസിസ്ട്രാറ്റാ കരുതുന്നത്. പുരുഷന്മാരെ സഹനത്തിലൂടെയും ക്ഷമയിലൂടെയും നേര്‍വഴിക്കു കൊണ്ടുവരേണ്ടവരാണ് സ്ത്രീകള്‍ എന്ന പരമ്ബരാഗത ബോധത്തെക്കൂടിയാണ് ഈ നാടകം ആക്രമിക്കുന്നത്. പതിവ്രതകളും സദാചാര ഭീതിയുള്ളവരുമായ സ്ത്രീകളെ പോലും തന്റെ യുദ്ധതന്ത്രം ബോധ്യപ്പെടുത്താന്‍ ലിസിസ്ട്രാറ്റാക്കു കഴിയുന്നു.

യഥാര്‍ത്ഥ പുരുഷന്‍ ബലാല്‍സംഗം ചെയ്യില്ല.

യഥാര്‍ത്ഥ പുരുഷന്‍ യുദ്ധങ്ങള്‍ക്ക് ആഹ്വാനം ചെയ്യില്ല.

യഥാര്‍ത്ഥ പുരുഷന്‍ സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിക്കില്ല

യഥാര്‍ത്ഥ പുരുഷന്‍ വംശീയാധിക്ഷേപം നടത്തില്ല. രാഷ്ടീയ കൊലപാതകം നടത്തുയോ അതിനെ നാണമില്ലാതെ ന്യായീകരിക്കുയോ ചെയ്യില്ല.

യഥാര്‍ത്ഥ പുരുഷന്‍ വേശ്യാസ്ത്രീളോട് കരുണയുള്ളവനായിരിക്കും

യഥാര്‍ത്ഥ പുരുഷന്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഹൃദയത്തോട് ചേര്‍ക്കും.

യഥാര്‍ത്ഥ പുരുഷന്‍ ആണ്‍കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും ലൈംഗിക വസ്തുക്കളായി കാണില്ല.

യഥാര്‍ത്ഥ പുരുഷനില്‍ മതവെറി ഉണ്ടാവില്ല.

യഥാര്‍ത്ഥ പുരുഷ സുഹൃത്തിനെ വേണം നമ്മള്‍ തെരഞ്ഞെടുക്കാന്‍.

യഥാര്‍ഥ പുരുഷനോടൊപ്പമല്ലാതെ ഞങ്ങള്‍ മനസ്സും ശരീരവും പങ്കിടുകയില്ല. സൗഹൃദവും സ്‌നേഹവും നല്‍കില്ല. അക്രമികള്‍ക്ക് ആനന്ദമോ പ്രണയമോ കരുതലോ പിന്തുണയോ മനസ്സമാധാനമോ തരാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ല. അവരുടെ ഊണും ഉറക്കവും രതിസുഖവും ഞങ്ങളുടെ ബാധ്യതയല്ല. അവരുടെ സൗഹൃദവും സംരക്ഷണവും ഞങ്ങള്‍ക്കാവശ്യമില്ല. അവരെ നന്നാക്കിയെടുക്കലല്ല ഞങ്ങളുടെ ജീവിത ലക്ഷ്യം. യഥാര്‍ത്ഥ മനുഷ്യനെയാണ് ഞങ്ങള്‍ക്കു വേണ്ടത്

പെണ്‍സഹജമെന്നു നിങ്ങള്‍ വാഴ്ത്തിയ പലതും ലോകജനതയുടെ സമാധാനത്തിനു വേണ്ടി ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വരും. അധികാരമുറപ്പിക്കാനായി ലോകമെമ്പാടും പുരുഷന്മാര്‍ ലൈംഗികതയെ ആയുധമാക്കുമ്പോള്‍, തിരിച്ച്‌ അതിനെത്തന്നെ ആയുധമാക്കുന്ന പ്രതിരോധ ശ്രമങ്ങള്‍ ഉണ്ടാകണം.

Related Articles

Post Your Comments


Back to top button