Editor's Choice

‘അനിവാര്യത’യുടെ മുഖം തിരിഞ്ഞു നില്‍ക്കാന്‍ ബിജെപി നേതൃത്വം ഇനിയും ശ്രമിക്കരുത്

ഒരു ഭരണമുണ്ടായാല്‍ അവിടെ ഒരു പ്രതിപക്ഷവും ഉണ്ടാകും. എന്നാല്‍ ഇന്നു കേരളത്തില്‍ ഒരു പ്രതിപക്ഷം ഉണ്ടോയെന്ന സംശയത്തിലാണ് ജനങ്ങള്‍. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്നപ്പോള്‍ രാപ്പകല്‍ സമരവും തൊട്ടതിനും പിടിച്ചതിനും പ്രതിഷേധവുമായി എത്തി ശല്യ ചെയ്തവരാണ് ഇന്ന് ഭരണത്തില്‍. എന്നാല്‍ ഈ ഭരണത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഞങ്ങളുടെ പക്ഷത്തു നിന്നു വിമര്‍ശിക്കേണ്ട പ്രതിപക്ഷം ഇപ്പോള്‍ നിശബ്ദരായി അവരുടെ അഴിമതിയ്ക്ക് വളംവച്ചുകൊടുക്കുന്നു. പ്രതിപക്ഷ സ്ഥാനം ഒരു അലങ്കാര സ്ഥാനമായി കൊണ്ട് നടക്കുന്ന കോണ്‍ഗ്രസ് വിഭാഗം കേരളത്തിലെ രാഷ്ട്രീയ കൊലപാതക അഴിമതി ഭരണത്തില്‍ ഒരിക്കല്‍ പോലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ല. പകരം അവര്‍ അവരുടെ പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിസത്തിന് പിന്നാലെ പ്രതിഷേധവുമായി മുന്നേറുകയാണ്.

BJP Flag

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിനു ശേഷം നടന്ന അഴിമതി, അധികാര ദുര്ഭരണങ്ങളില്‍ ഒന്നില്‍ പോലും ശക്തമായ പ്രതിഷേധം ഉണ്ടായിട്ടില്ല, കെ എം മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ഒരു വശത്തും ചങ്ങനാശ്ശേരി പോപ്പ് മറ്റൊരു വശത്തും നില്‍ക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശബ്ദമില്ലാത്ത ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിക്കസ്സേര സ്വപ്നം കണ്ടു മുഖം മിനുക്കി നടക്കുന്ന ചെന്നിത്തലയും കേരളത്തില്‍ ഒരു പ്രതിപക്ഷം ഇല്ലെന്നു ഉറപ്പിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ്സിനെക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല. എ മുതല്‍ ഇസഡ് വരെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഉണ്ടായിക്കഴിഞ്ഞു. ഇതിനിടയില്‍ പുതിയ പ്രശ്നമായി രാജ്യസഭ സീറ്റും. വീണ്ടും ബന്ധം കൂടന്‍ എത്തിയവരെ രാജ്യ സഭ സീറ്റ് നല്‍കി വരവേറ്റതോടെ പാര്‍ട്ടിയിലെ യൂത്തന്മാര്‍ അടക്കം പലരും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയും രാജി വയ്ക്കുകയും ചെയ്തു. ഉമ്മന്‍‌ചാണ്ടി ഡല്‍ഹിയിലേക്ക് പോകുകയും കെ പിസിസിയില്‍ പൊട്ടിത്തെറി നടക്കുകയും ചെയ്യുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിക്കഴിഞ്ഞു. ഗ്രൂപ്പ് വഴക്ക് തീര്‍ക്കാന്‍ നേരമില്ലാത്ത ഇവര്‍ കേരള ജനതയ്ക്ക് വേണ്ടി എങ്ങനെ ശബ്ദിക്കും. കോണ്‍ഗ്രസിന്റെ ഈ തകര്‍ച്ച കേന്ദ്ര ഭരണ പാര്‍ട്ടിയായ ബിജെപിയുടെ കേരള ഘടകത്തിന് അനുകൂല സമയമാണ്. അധികാരം വേണമെന്നില്ല; ഭരണ പക്ഷ വിരുദ്ധ പ്രവണതകളില്‍ തങ്ങളുടേതായ വിമര്‍ശനം രേഖപ്പെടുത്തി തങ്ങളുടെ ശക്തി തെളിയിക്കാന്‍ പറ്റിയ സമയം. പക്ഷെ അവിടെയും ഒരു കല്ലുകടി ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി ആര്‍ക്ക് എന്നതാണ്.

mt ramesh krishnadas എന്നതിനുള്ള ചിത്രം

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുത്തതോടെ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ഈ സീറ്റ് ആര്‍ക്ക് കിട്ടുമെന്ന ആശങ്കയിലാണ് നേതാക്കന്മാര്‍. സംസ്ഥാന ബിജെപി നേതാക്കളെ തഴഞ്ഞാണ് ബിജെപിയുടെ രാഷ്ട്രീയ ചുക്കാന്‍ പിടിയ്ക്കുന്ന കേന്ദ്ര നേതൃത്വവും കൂടി നിര്‍ബന്ധിച്ച് സജീവരാഷ്ട്രീയത്തിലില്ലാതിരുന്ന കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിക്കുന്നത്. ഹിന്ദു ഐക്യവേദി കൂടാതെ വിശ്വഹിന്ദുപരിഷത്ത്, ശബരിമല അയ്യപ്പ സമാജം എന്നിവയുടെ നേതൃസ്ഥാനത്തു പ്രവര്‍ത്തിച്ച കുമ്മനം രാജശേഖരന്‍ ആറന്മുള വിമാനത്താവളത്തിന് എതിരായ സമരത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഈ സമയത്താണ് മുരളീധരന് പിന്നാലെ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേയ്ക്ക് കുമ്മനം രാജശേഖരന്‍ എത്തിയതും. 2015ലാണ് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷനായിരുന്ന കുമ്മനം ബിജെപിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. തുടർന്ന് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചു. എന്നാല്‍ ശക്തമായ മുന്നേറ്റം കേരളത്തില്‍ നടത്തുന്നതില്‍ കുമ്മനം പരാജിതനാണെന്ന് പാർട്ടിയിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിലൂടെ തുടങ്ങിയ ഗ്രൂപ്പിസം പാര്‍ട്ടിയ്ക്കുള്ളില്‍ അലയടിക്കുന്നതിനാല്‍ ബിജെപി നേതൃനിരയിലേയ്ക്ക് ശക്തനായ ഒരാള്‍ കടന്നു വരേണ്ടതുണ്ട്. സിപിഎം പോലുള്ള തീവ്ര സംഘടനകളോട് മത്സരിച്ചു അവര്‍ക്കെതിരെ ശക്തമായ പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിയുന്ന ഒരു നേതാവ് ആകാന്‍ കുമ്മനം ജിയ്ക്ക് ഒരിക്കലും കഴിയില്ല. അഴിമതി ആയുധമാക്കിയ, ആഭ്യന്തര വകുപ്പ് കുളമാക്കിയ കമ്യൂണിസ്റ്റ് ശക്തികളോട് എതിരിടാന്‍ ഉള്ളില്‍ വിപ്ലവം ജ്വലിക്കുന്ന ഒരാള്‍ തന്നെയാണ് വരേണ്ടത്. ഊര്‍ജ്ജ്വസ്വലരായ ചെറുപ്പക്കാര്‍ക്ക് ആവേശം പകരാനും കേന്ദ്ര ഭരണ മികവ് കേരള രാഷ്ട്രീയ തലത്തിലും പ്രതിഫലിപ്പിക്കാനും കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും ശക്തനായ ഒരു നേതാവ് കടന്നു വരേണ്ടതുണ്ട്. ജനങ്ങള്‍ക്ക് പ്രതീക്ഷ നേതാവിലാണ്, അല്ലാതെ പാര്‍ട്ടിയുടെ ഗ്രൂപ്പുകളിലല്ല. അത് മനസിലാക്കി ഒരു നേതാവിനെ ബിജെപി അധ്യക്ഷനായി പ്രഖ്യാപിക്കേണ്ടതുണ്ട്.

bjp kerala എന്നതിനുള്ള ചിത്രം

കേരള ഘടകത്തില്‍ സംസ്ഥാന തലത്തില്‍ മികച്ച ഒരു നേതാവായി വരാന്‍ കഴിയുന്ന വ്യക്തിയാണ് കെ സുരേന്ദ്രന്‍. പ്രസംഗത്തിലൂടെയും പ്രവര്‍ത്തന മികവിലൂടെയും അണികളെ ആവേശ ഭരിതനാക്കാന്‍ കഴിയുന്ന കെ സുരേന്ദ്രന്‍ അല്പം മിതത്വം പാലിച്ചു കൊണ്ട് കാര്യങ്ങളെ നേരിടുകയും യുവത്വത്തിനു നേതൃത്വം നല്‍കുകയും ചെയ്‌താല്‍ കേരളത്തില്‍ ബിജെപിയുടെ മുഖം മാറുക തന്നെ ചെയ്യും. വര്‍ഗ്ഗീയതയില്‍ നിന്നുമാറി, സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായ നിലപ്പാട് പ്രകടിപ്പിക്കുകയും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വം ബിജെപിയുടെ നേതൃനിരയിലേയ്ക്ക് വരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അത് തിരിച്ചറിയാന്‍ ബിജെപി നേതൃത്വം ഇനിയും വൈകുന്നത് ശരിയല്ല. നിഷ്പക്ഷമായ ഒരു തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഗ്രൂപ്പുകള്‍ക്ക് വേണ്ടിയുള്ള ഒരു നേതാവ് അല്ല, ജനങ്ങള്‍ക്ക് വേണ്ടിയുള്ള നല്ല നേതൃത്വമാണ് ഉണ്ടാകേണ്ടത്. അതിനു പറ്റിയ ഒരു വ്യക്തിത്വമാണ് സുരേന്ദ്രന്‍. അത് തിരിച്ചറിഞ്ഞു അംഗീകരിക്കേണ്ടത് നേതൃത്വമാണ്. രാഷ്ട്രീയത്തില്‍ പരിചയവും ജന മനസ്സുകള്‍ അറിഞ്ഞതുമായ ഒരു നേതാവായ സുരേന്ദ്രന്‍റെ ഉജ്ജ്വല പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം സാക്ഷിയാണ്. കോണ്‍ഗ്രസ്- സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനോട് കിടപിടിയ്ക്കാന്‍ കഴിയുന്ന തലത്തിലേയ്ക്ക് ബിജെപി സംഘടനാ നേതൃത്വം മാറാന്‍ യുവ നേതാക്കള്‍ മുന്നിട്ടിറങ്ങണം. അതിനു അവരെ സജ്ജരാക്കാന്‍ സുരേന്ദ്രന് കഴിയും എന്നതില്‍ സംശയമില്ല. സാമൂഹിക പ്രശ്നങ്ങളില്‍ തന്റെതായ അഭിപ്രായം പങ്കുവയ്ക്കുകയും വിയോജിപ്പ്‌ രേഖപ്പെടുത്തുകയും ചെയ്യുന്ന നേതാവ് കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണുള്ളത്. എന്നാല്‍ ഗ്രൂപ്പുകളുടെ ചരട് വലികളില്‍ മികച്ച ഒരു നേതാവിനെ കണ്ടില്ലെന്നു വയ്ക്കുകയാണോ കേന്ദ്ര നേതൃത്വമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

mt ramesh krishnadas എന്നതിനുള്ള ചിത്രം

കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ് നാളുകളായിട്ടും പുതിയ അധ്യക്ഷനെ നിയമിക്കാൻ ബിജെപിക്ക് സാധിക്കാത്തതിന് പിന്നില്‍ ഗ്രൂപ്പ് യുദ്ധമാണെന്നാണ് റിപ്പോർട്ട്. ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷയാകും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ശോഭാ സുരേന്ദ്രന്‍ പ്രസിഡന്‍റ് ആകുന്നതിന് രമേശ് പക്ഷവും സുരേന്ദ്രപക്ഷവും ഒരേ പോലെ എതിര്‍ക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിൽ കൃഷ്ണദാസ് പക്ഷവും എതിർപ്പുമായി രംഗത്തുണ്ട്. കെ മുരളീധരൻ പക്ഷക്കാരനാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചാൽ ഗ്രൂപ്പ് വഴക്ക് മൂർച്ഛിക്കുമെന്ന് പികെ കൃഷ്ണദാസ് പക്ഷം പറയുന്നു. അതേസമയം അധ്യക്ഷസ്ഥാനത്ത് എംടി രമേശിനും സാധ്യതയുണ്ട്. എന്നാല്‍ മുരളീധരൻ പക്ഷത്തിന്റെ എതിര്‍പ്പാണ് എംടി രമേശന് പൊല്ലാപ്പാകുന്നത്. പി.കെ. കൃഷ്ണദാസ് പക്ഷത്തുനിന്നു ചിലര്‍ എ.എന്‍. രാധാകൃഷ്ണന്റെ പേരു പറഞ്ഞതായും സൂചന. മെഡിക്കല്‍ കോഴയിലെ പേരുദോഷം രമേശിന്റെ സാധ്യതകള്‍ കുറച്ചതാണ് കൃഷ്ണദാസ് പക്ഷം രാധാകൃഷ്ണന്റെ പേര് ഉയര്‍ത്താന്‍ കാരണം. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ അനുവദിച്ചതിലെ അഴിമതി ഇദ്ദേഹത്തിന് വിനയാകുമെന്ന് ഉറപ്പായതോടെയാണ് കൃഷ്ണദാസിന്റെ പേരും ഉയര്‍ന്നത്.

ബന്ധപ്പെട്ട ചിത്രം

മാറി മാറി ഭരിച്ചു മുടിപ്പിച്ച ഇടത് വലത് രാഷ്ട്രീയത്തോടു അകന്നു തുടങ്ങിയ കേരള ജനതയ്ക്ക് അവരുടെ ശബ്ദമാകാന്‍ ഒരു മൂന്നാം മുന്നണി ആവശ്യമാണ്. അവിടെയാണ് ബിജെപിയുടെ പ്രസക്തിയും. അതു കണ്ട് പ്രവര്‍ത്തിക്കാന്‍ ശക്തനായ ഒരു നേതാവും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഗ്രൂപ്പിസം കോണ്‍ഗ്രസ്സിനെ തകര്‍ച്ചയിലേയ്ക്ക് നയിച്ചതുപോലെ ബിജെപിയെയും തകര്‍ക്കാന്‍ കാരണമാകും. അത് കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു ഒത്തൊരുമയോടെ നില്‍ക്കേണ്ടത് അത്യാവശ്യമാണ്. കോണ്‍ഗ്രസിന്റെ അവസ്ഥ ബിജെപിയ്ക്ക് ഉണ്ടാകാതിരിക്കാന്‍ നേതാക്കന്മാര്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ പാര്‍ട്ടിയിലെ അണികളുടെ കൊഴിഞ്ഞുപോക്കും തമ്മിലടിയും ബിജെപിയെയും തകര്‍ക്കും.bjp kerala എന്നതിനുള്ള ചിത്രം

രശ്മി

Tags

Related Articles

Post Your Comments


Back to top button
Close
Close