Editor's Choice

നമിക്കുന്നു മാണിസാറേ: ഇതാണ് രാഷ്ട്രീയം, ഇങ്ങനെ ആവണം ജനസേവനം..

ജന സേവകന്മാര്‍ എന്നാല്‍ ആരാണ്? ജനങ്ങള്‍ക്ക് താങ്ങും തണലും ആകേണ്ടവര്‍. കുടുംബം നോക്കാതെ നാട് നന്നാക്കാന്‍ ഇറങ്ങിയവന്‍ എന്ന് വീട്ടുകാരുടെ പരാതി പലപ്പോഴും കേള്‍ക്കുന്ന ജയറാമും ശ്രീനിവാസനും അടങ്ങുന്ന നന്മ നിറഞ്ഞ സിനിമ നായകനിലും നാട്ടിന്‍ പുറത്തെ വെറും അണിമാത്രമായ ചോട്ടാ നേതാവിനെയും കണ്ടുകൊണ്ടു രാഷ്ട്രീയ നേതാക്കന്മാരെ വിലയിരുത്താന്‍ കഴിയില്ല. കാരണം ജന സേവനം ചെയ്യാന്‍ അണികള്‍ ഉള്ളപ്പോള്‍ അഴിമതിയും ദുര്‍ഭരണവും നടത്തി കട്ടുമുടിക്കാന്‍ ഏമാന്മാരുണ്ട്. സിനിമയില്‍ കോടിക്കണക്കിനു രൂപയുടെ ആസ്തിയുമായി നാടും രാജ്യവും വിലയ്ക്ക് വാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന രാഷ്ട്രീയ വില്ലന്മാരെ ഓര്‍മ്മയില്ലേ.. അവരുടെ അതേരീതിയും സ്വഭാവവുമാണ് ഇന്ന് രാഷ്ട്രീയ നേതാക്കന്മാര്‍ക്ക്.. ശരിക്കും പറഞ്ഞാല്‍ സ്വന്തം കീശയും കുടുംബവും സാമ്പത്തികമായി ഭദ്രമാക്കുന്ന രാഷ്ട്രീയ ഏമാന്മാരുടെ നാടായി കേരളം മാറിക്കഴിഞ്ഞു. ഇതിനുള്ള തെളിവാണ് രാജ്യ സഭാ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച നേതാക്കന്മാരുടെ ആസ്തി വിവരങ്ങള്‍.

മാണി സ്വത്ത്‌ എന്നതിനുള്ള ചിത്രം

മൂന്ന് പേരാണ് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത് കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം. പത്രികകളുടെ സൂക്ഷ്മ പരിശോധനയും കഴിഞ്ഞു. പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച വ്യക്തിഗത വിവരങ്ങളില്‍ മൂവരും ആസ്തികള്‍ വിശദീകരിച്ചിട്ടുണ്ട്. സിപിഎം സ്ഥാനാര്‍ഥി എളമരം കരീമിന് 18.5 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരില്‍ 12.66 ലക്ഷത്തിന്റെ ആസ്തിയുമുണ്ട്. സിപിഐ സ്ഥാനാര്‍ഥി ബിനോയ് വിശ്വത്തിന്റെ പേരില്‍ ബാങ്കിലും കൈവശവുമായി 5.59 ലക്ഷം രൂപയുണ്ട്. ഭാര്യയുടെ കൈവശം 1.15 ലക്ഷത്തിന്റെ സ്വര്‍ണമുണ്ട്. വിവിധ ബാങ്കുകളില്‍ ഭാര്യയ്ക്ക് 34.28 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. കൂടാതെ വീടും ഭൂമിയും ഭാര്യയുടെ പേരിലുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ആസ്തിവിവരങ്ങള്‍ അറിയുമ്പോള്‍ മുണ്ട് മുറുക്കി ഉടുത്ത് പ്രതിഫലേച്ഛയില്ലാതെ ജനസേവനം നടത്തുന്നവരുടെ തൊലി ഉരിഞ്ഞു പോകും…

മൂന്ന് പേരില്‍ ആസ്തി കൂടുതല്‍ ജോസ് കെ മാണിക്കാണ്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൈയ്യില്‍ ആയിരങ്ങളും ബാങ്കില്‍ ലക്ഷങ്ങളും കോടികളുടെ സ്വത്തുക്കളുമുണ്ടെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു. ജോസ് കെ മാണിയുടെ കൈവശമുള്ളത് 18000 രൂപ മാത്രം. ഭാര്യയുടെ കൈവശം 12000 രൂപയും. മക്കളുടെ കൈയ്യില്‍ 1250 രൂപയുമുണ്ടെന്ന് രേഖകളില്‍ വിശദീകരിക്കുന്നു. ഇത് കൈവശമുള്ള സംഖ്യയുടെ കണക്കാണ്. എന്നാല്‍ ബാങ്കിലുള്ളതും മറ്റു നിക്ഷേപങ്ങളിലുള്ളതുമായ സംഖ്യ ഇതിന്റെയൊക്കെ നാലിരട്ടിയില്‍ അധികമാണ്. ജോസ് കെ മാണിയുടെ ബാങ്ക് നിക്ഷേപം 20.59 ലക്ഷമാണ്. ഭാര്യയുടെ പേരില്‍ 7.37 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. മക്കളുടെ പേരില്‍ 15853 രൂപയും. ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം, സ്വര്‍ണാഭരണങ്ങള്‍ എന്നീ ഗണത്തില്‍ ജോസ് കെ മാണിക്ക് 24.52 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. ഭാര്യയ്ക്ക് 2.11 കോടിയുടെ ആസ്തിയാണുള്ളത്. ഭൂമി, വീട് ഇനങ്ങളിലായി ജോസ് കെ മാണിയുടെ പേരില്‍ 1.04 കോടിയുടെ സ്വത്ത് വേറെയുണ്ട്. ഭാര്യയുടെ പേരില്‍ 15.87 ലക്ഷം രൂപയുടെ സ്വത്ത് ഈ ഇനത്തില്‍ വരും. മക്കളില്‍ ഒരാള്‍ക്ക് 10.49 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപമുണ്ട്. 48 ഗ്രാം സ്വര്‍ണമാണ് ജോസ് കെ മാണിക്കുള്ളത്. ഭാര്യയുടെ കൈവശം 408 ഗ്രാം സ്വര്‍ണമുണ്ട്. മക്കളുടെ പേരില്‍ 120 ഗ്രാം വീതം സ്വര്‍ണമുണ്ട്. ഭാര്യയുടെ പേരില്‍ രണ്ട് ലക്ഷത്തിന്റെ വീതമുള്ള രണ്ട് ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. റോയല്‍ മാര്‍ക്കറ്റിങ് ആന്റ് ഡിസ്ട്രിബ്യൂഷനില്‍ 68.35 ലക്ഷം രൂപയും ഭാര്യയ്ക്കുണ്ട്.

മാണി സ്വത്ത്‌ എന്നതിനുള്ള ചിത്രം

എന്തായാലും ഈ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ കേരളത്തിലെ നേതാക്കളെ കുറിച്ച്‌ ആര്‍ക്കും ആശങ്ക വേണ്ട. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള വക ഇവര്‍ നേടിയിട്ടുണ്ട്. ബാര്‍ കോഴയില്‍ കുടുങ്ങിയ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി കോടീശ്വരന്‍ ആകാതെയിരിക്കില്ല. സത്യ സന്ധമായി ഇത്രയും വെളിപ്പെടുത്തിയത് നല്ലതാണ്. പിന്നെ സ്വന്തം മാത്രമല്ല ഭാര്യയുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നാണ് നിയമം. അതുകൊണ്ട് മൂന്നരക്കോടിയുടെ സ്വത്ത്‌ വിവരങ്ങള്‍ പുറത്തു വന്നു. ഇനി അച്ഛന്‍ കെ എം മാണിയുടെ പേരിലെ സ്വത്തുക്കളോ!! ഭാവിയില്‍ ജോസ് കെ മാണിക്ക് ലഭിക്കേണ്ടവ തന്നെയല്ലേ. അതുകൂടാതെ ഭാവി സുരക്ഷിതമാക്കാന്‍ അച്ഛന്റെ കരുതല്‍ രാജ്യസഭാ അംഗമായി വീണ്ടും…

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കെഎം മാണി വെളിപ്പെടുത്തിയ ആസ്തി വിവരങ്ങള്‍ ഒന്ന് നോക്കാം.. വിവിധ നിക്ഷേപങ്ങളിലായി രണ്ട് ലക്ഷത്തി നാല്‍പ്പത്തി എട്ടായിരത്തി 751 രൂപയും, 12 ലക്ഷത്തിന്റെ ഒരു ഇന്നോവ കാറും കൂടാതെ ഭാര്യ കുട്ടിയമ്മയുടെ പേരില്‍ ഒരു ലക്ഷത്തി 46 ആയിരത്തി 238 രൂപയുടെ നിക്ഷേപവും, ആറ് ലക്ഷത്തി 67 ആയിരത്തി 500 രൂപക്കുള്ള സ്വര്‍ണ്ണാഭരണങ്ങളും, ഉള്‍പ്പടെ എട്ട് ലക്ഷത്തി 48 ആയിരത്തി 738 രൂപയുടെ സമ്പദ്യവുമുണ്ട്. ഒരു കോടി എഴുപത്തിനാല് ലക്ഷത്തി പതിനായിരം രൂപ ഭൂമിയുടെ മൂല്യമുള്ള 6.86 ഏക്കര്‍ ഭൂമി കെഎം മാണിയുടെ പേരിലുണ്ട് . 68 ലക്ഷത്തി 80000 രൂപ മതിപ്പ് വിലവരുന്ന , 4232 സ്‌ക്വയര്‍ ഫീറ്റ് വീടും ഭാര്യയുടെ പേരില്‍ കോട്ടയത്തും കോഴിക്കോടുമായി പത്ത് കോടി മൂപ്പത് ലക്ഷം വിലമതിക്കുന്ന ഭൂമിയും ഉണ്ട്.

ബന്ധപ്പെട്ട ചിത്രം

ഇവരാണ് യഥാര്‍ഥ നായകന്മാര്‍. പട്ടിണി പാവങ്ങളുടെ നാട് ഭരിക്കുന്ന ഏമാന്മാര്‍ അവരുടെ നികുതിയില്‍ മുടങ്ങാതെ ശമ്പളവും കിമ്പളവും കൈപറ്റി സ്വന്തം കുടുംബത്തിന്റെ ആസ്തി വലുതാക്കാന്‍ അക്ഷീണം പരിശ്രമിക്കുന്നവര്‍. സ്വന്തം മണ്ഡലത്തില്‍ ഒരു വികസന പ്രവര്‍ത്തനവും ചെയ്യാതെ എസി കാറിലും മുറികളിലും സുഖവാസത്തിനു മാത്രം ഒരുങ്ങുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ നാട്ടില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുടെ മകന്റെ ആസ്തിയില്‍ ആരും ഞെട്ടേണ്ടതില്ല. യുഡിഎഫ് ഭരണകാലത്ത് വലിയ വിവാദമായ ബാര്‍ കോഴ കേസ് ഓര്‍മയില്ലേ… പാവം ബാര്‍ മുതലാളിമാരെ പറ്റിച്ച നമ്മുടെ സ്വന്തം മാണിസാര്‍… അക്കാലത്ത് നോട്ടെണ്ണുന്ന മെഷീന്‍ യാത്രകളില്‍ പോലും മാണി കൊണ്ടു നടന്നെന്ന ആരോപണം
ട്രോളന്‍മാര്‍ക്ക് ചാകരയായിരുന്നു. എന്നാല്‍ ആ അച്ഛന്റെ ജന സേവനത്തിലൂടെയും പാരമ്പര്യത്തിലൂടെയും മകന്‍ മുന്നോട്ട് കുതിച്ചു തുടങ്ങി.. കേരളത്തിലെ ഓരോ ജനാധിപത്യ വിശ്വാസികളും ഇപ്പോള്‍ പറയുന്നത് ഒന്നാണ് നമിക്കുന്നു മാണിസാറേ: ഇതാണ് രാഷ്ട്രീയം, ഇങ്ങനെ ആവണം ജനസേവനം..

രശ്മിഅനില്‍ 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button