ആലപ്പുഴയില്‍ ജല ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ: ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയില്‍ പ്രത്യേകിച്ച് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അടിയന്തര വൈദ്യസഹായമെത്തിക്കാനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജലആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി. ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണിത്. ജല ആംബുലന്‍സിന്റെ ഉദ്ഘാടനം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് പരിസരത്ത് പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. മൂന്നു വാട്ടര്‍ ആംമ്പുലന്‍സ് കൂടി സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.

Read also: ആലപ്പുഴയിൽ ഒരു ലക്ഷത്തോളം വീടുകൾക്ക് ഭാഗിക നാശം; മഴക്കെടുതിയിൽ മരിച്ചവർക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന് ജി. സുധാകരൻ

സംസ്ഥാനത്ത് 108 ആംബുലന്‍സ് മാത്യകയിലാണ് ജലആംബുലന്‍സ് പ്രവര്‍ത്തിക്കുക. അടിയന്തിര ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ക്ക് 108 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കുട്ടനാട്ടില്‍ ഭക്ഷ്യസാധനങ്ങളും പലവ്യഞ്ജനങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വില്ലേജുകളില്‍ ജില്ല ഭരണകൂടവും ഹോര്‍ട്ടി കോര്‍പ്പും സഹകരിച്ച് കിറ്റുകള്‍ ബോട്ടില്‍ എത്തിച്ചുതുടങ്ങി. ഇതിന്റെ ആദ്യ പടിയായി കുട്ടനാട് താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 150 പലവ്യഞ്ജന പച്ചക്കറി കിറ്റുകള്‍ ശേഖരിച്ച് വിതരണം ചെയ്തു. ബോട്ടിലെത്തിയാണ് വിതരണം. ഓരോ കിറ്റിലും ആയിരം രൂപയുടെ പച്ചക്കറികളുണ്ട്. ക്യാമ്പിന്റെ വലിപ്പം അനുസരിച്ച് കൂടുതല്‍ വലിയ സഞ്ചികള്‍ നല്‍കുന്നുണ്ട്. ഒരു ക്യാമ്പിലേക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. ഇന്നലെ രാവിലെ ഡി.ടി.പി.സി ജട്ടിയില്‍ നിന്ന് പച്ചക്കറി സഞ്ചികളുമായി ബോട്ട് സര്‍വീസ് നടത്തി. കുമ്പളങ്ങ, ചേന, സവോള, വെള്ളരി, മത്തങ്ങ, മുരിങ്ങക്ക, വെണ്ടക്ക, തക്കാളി, കറിവേപ്പില, കാരറ്റ് എന്നിവയാണ് നല്‍കുന്നത്.

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുളള കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ട വികസനം ഉണ്ടായാലെ കുട്ടനാട്ടിലെ മഴക്കെടുതി മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുവെന്ന് മന്ത്രി പറഞ്ഞു. പാചക വാതക സിലണ്ടറുകള്‍ കൃത്യമായി ക്യാമ്പില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അമ്പലപ്പുഴ പി.എന്‍ പണിക്കര്‍ സ്മാരക എല്‍.പി സ്‌കൂള്‍, കോമന എല്‍.പി സ്‌കൂള്‍, കക്കാഴം ആരോഗ്യ ഉപകേന്ദ്രം, നെടുമുടി കൊട്ടാരം സ്‌കൂള്‍, പുളിങ്കുന്ന് ഭാഗങ്ങള്‍, കൈനകരി മീനപ്പള്ളി തെക്ക്,കൊച്ചുകാട്ടുതറ, കൈനകരി പ്രദേശങ്ങള്‍, ചെറുകാലി കായല്‍ എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു.

Share
Leave a Comment