നെടുങ്കണ്ടം : അച്ഛന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി മകന്റെ കയ്യിൽനിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ സിഐ ബി.അയൂബ്ഖാൻ, എഎസ്എെ: സാബു എം. മാത്യു എന്നിവരെ സ്ഥലം മാറ്റി. ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ കൊച്ചി റേഞ്ച് ഐജിയോടു ശുപാർശ ചെയ്തു.
മരിച്ചയാളുടെ മകന്റെ മകൻ ഹൈറേഞ്ച് മേഖലയിലെ സ്റ്റേഷനിൽ പോലീസുകാരനാണ്.തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കൽ മീരാൻ റാവുത്തറെ (86) വീടിനുള്ളിലെ ശുചിമുറിയിൽ കഴുത്തറുത്തു മരിച്ചനിലയിൽ ഇൗ മാസം ആറിനാണു കണ്ടെത്തിയത്. രോഗബാധിതനായതിനെ തുടർന്നുള്ള മനോവേദനയിലാണു മീരാൻ റാവുത്തർ മരിച്ചതെന്നാണു ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.
എന്നാൽ സ്ഥലത്തെത്തിയ സിഐയും എസ്ഐയും മീരാൻ റാവുത്തറുടെ മകനെ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. 11നു 10.30നു സിഐയുടെ ഓഫിസിലെത്തി റാവുത്തറുടെ മകൻ പണം ഉദ്യോഗസ്ഥർക്കു കൈമാറി. പിന്നീടു ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പണം വാങ്ങിയതിന് തെളിവുകൾ ലഭിച്ചതോടെ പോലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
Leave a Comment