തൃപ്തി ദേശായിയുടെ സന്ദര്‍ശനം : ശബരിമലയില്‍ അതീവ സുരക്ഷ

സ്വാമിമാരായി രഹസ്യപൊലീസും

ശബരിമല : ചരിത്രത്തില്‍ ആദ്യമായി ശബരിമലയില്‍ അതീവ സുരക്ഷ . സന്നിധാനത്തുണ്ടാകാന്‍ സാധ്യതയുള്ള അക്രമങ്ങള്‍ തടയുന്നതിനായി സ്വാമിമാരായി രഹസ്യപൊലീസും ഉണ്ടാകും. 6000 ത്തോളം പോലീസുകാര്‍ സന്നിധാനത്ത് മാത്രം പ്രത്യക്ഷത്തില്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍ രഹസ്യപോലീസുകാര്‍ നിലയ്ക്കല്‍,പമ്പ,സന്നിധാനം തുടങ്ങിയ മേഖലകളില്‍ സജീവമായി നിലകൊള്ളും. മൊത്തത്തില്‍ 15,259 പൊലീസുകാരെയാണ് സുരക്ഷ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലുള്ള ഈ സീസണില്‍ ഐപിഎസുകാരായി മാത്രം 55 ഉദ്യോഗസ്ഥര്‍ സുരക്ഷ ചുമതലയിലുണ്ടാകും. 920 വനിതാ പൊലീസുകാരേയും പ്രത്യേക ഡ്യൂട്ടി നല്‍കി നിയോഗിച്ചിട്ടുണ്ട്.

കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് ഭക്തര്‍ക്കിടയില്‍ പോലീസിന്റെ സജീവ സാന്നിധ്യം ഉണ്ടാകും. ഐജി മനോജ് എബ്രഹാമിനും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്കുമാണ് നിലയ്ക്കലിലെ ചുമതല. കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാ സംസ്ഥാനങ്ങളില്‍ നിന്നു ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ കൂട്ടത്തിലൂള്ള സംഘപരിവാറുകാരെ നിരീക്ഷിക്കാന്‍ മാത്രമായും പ്രത്യേക പൊലീസ് സംവിധാനം മുഴുവന്‍ സമയവും ശബരിമലയിലുണ്ടാകും. ഭക്തരുടെ ഇടയില്‍ ചെറു ടീമുകളായി തിരിഞ്ഞ് പ്രതിഷേധക്കൊടി ഉയര്‍ത്തുകയെന്ന സംഘപരിവാര്‍ നീക്കം മുന്നില്‍ കണ്ടാണ് പൊലീസിന്റെ ഈ നടപടി.

സന്നിധാനത്തേക്ക് പതിനായിരം പേരെ ഒരേ സമയം കടത്തിവിടാനാണ് തീരുമാനം. ശനിയാഴ്ച്ച ശബരിമലയില്‍ എത്തുന്ന തൃപ്തിദേശായിക്ക് സുരക്ഷ ഒരുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭക്തരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി എത്തുന്ന പ്രതിഷേധക്കാര്‍ പ്രതികരിച്ചാല്‍ പൊലീസിന് സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വരും. അഞ്ഞൂറിലധികം യുവതികളും ഇത്തവണ ദര്‍ശനത്തിനെത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

ഏതു സമയത്താണ് ഇവര്‍ വരുന്നതെന്നും പോലീസിന് നിലവില്‍ നിശ്ചയമില്ല. അതിനാല്‍ തന്നെ ഇരുപത്തിനാല് മണിക്കൂറും നിതാന്ത ജാഗ്രതയോടെ നീങ്ങാനാണ് സുരക്ഷാ ചുമതലകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Share
Leave a Comment