NewsIndia

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് റെക്കോര്‍ഡ് ഭേദഗതികളുമായി എ സമ്പത്ത്; 443 നിര്‍ദേശങ്ങള്‍ തെരഞ്ഞെടുത്തു

 

ഡല്‍ഹി:രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പാര്‍ലമെന്റിന്റെ ചരിത്രത്തിലെതന്നെ റെക്കൊര്‍ഡ് ഭേദഗതികള്‍ സമര്‍പ്പിച്ച് എ സമ്പത്ത്. സമ്പത്ത് സമര്‍പ്പിച്ച 590 ഭേദഗതികളില്‍നിന്ന് 443 നിര്‍ദ്ദേശങ്ങള്‍ ലോക്സഭാ സെക്രട്ടറിയറ്റ് തെരഞ്ഞെടുത്തു. ആകെ 1075 ഭേദഗതികളാണ് ലോക്സഭാ സെക്രട്ടറിയറ്റ് തെരഞ്ഞെടുത്തിട്ടുള്ളത്.

രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കേരളം നേരിട്ട പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യവും ഉള്‍പ്പെടെ വിവിധ മേഖലകളെ സമഗ്രമായി പരാമര്‍ശിക്കുന്നതാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കുക, സമഗ്ര കാര്‍ഷിക പരിഷ്‌ക്കരണം, കുറഞ്ഞ കൂലി പ്രതിമാസം 18000 രൂപയാക്കുക, 24 ലക്ഷം തസ്തികകളില്‍ നിയമനം നടത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, പരമ്പരാഗത തൊഴിലും ചെറുകിട വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ജീവല്‍പ്രശ്നങ്ങള്‍ നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ഇത്രയും ഭേദഗതികള്‍ ഉണ്ടാകുന്നത് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് ഡോ എ സമ്പത്തിന്റെ ഓഫീസ് അറിയിച്ചു.

ജനങ്ങളെ വര്‍ഗീയമായ ഭിന്നിപ്പിക്കുന്ന ഭരണകൂട നയങ്ങള്‍ അവസാനിപ്പിക്കുക, ആള്‍ക്കൂട്ട കൊലകള്‍, പട്ടികജാതി പട്ടികവര്‍ഗ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയെ രാഷ്ട്രപതി അപലപിക്കാത്തതും ഭേദഗതിയില്‍ ഉന്നയിച്ചിട്ടുണ്ട്. റാഫേല്‍ യുദ്ധവിമാനക്കരാര്‍ സംയുക്തപാര്‍ലമെന്ററി കമ്മറ്റി അന്വേഷിക്കുക, കള്ളപ്പണം പിടിച്ചെടുക്കുക, കേരളത്തിന് എയിംസ്, കൂടുതല്‍ ട്രെയിനുകള്‍, തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുക, എസ്ബിടിയെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button