Kerala

കാസര്‍കോട് ജില്ലയില്‍ 17,376 വോട്ടര്‍മാരുടെ വര്‍ധന

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയില്‍ കൂടുതല്‍ പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജനുവരി 31 വരെ വോട്ടര്‍ പട്ടികയില്‍ 17,376 പേരുടെ വര്‍ധനയുണ്ടാക്കാന്‍ സാധിച്ചതായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രമേന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ് സംവിധാനം എന്നിവ പരിചയപ്പെടുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും 6147 പേരെയും, കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും 2596 പേരെയും, ഉദുമയില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 3148 പേരെയും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്നും 2455 പേരെയും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 3030 പേരെയും ആണ് പുതുതായി ഉള്‍പ്പെടുത്തിയത്. ഇതോടെ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,86,170 ആയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ 4,81,967 പുരുഷന്മാരും 5,04,203 സ്ത്രീകളുമാണ്. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നോമിനേഷന്‍ പിന്‍വലിക്കുന്ന അവസാന തീയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും.

വോട്ടെടുപ്പ് യന്ത്രത്തെകുറിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വോട്ടിങ്ങ് മെഷീനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഒരു വില്ലേജില്‍ അഞ്ചില്‍ കുറയാത്ത സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കിയത്. തെരഞ്ഞെടുപ്പ് നടപടി കൂടുതല്‍ സുതാര്യമാക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടത്തുന്ന മോക് പോളില്‍ നിര്‍ബന്ധമായും 50 വോട്ട് ചെയ്യേണ്ടതുണ്ടെന്നും വിവിപാറ്റില്‍ ലഭിക്കുന്ന സ്ലിപ്പുകള്‍ വോട്ടുമായി താരതമ്യം ചെയ്ത് ഉറപ്പുവരുത്തി സീല്‍ ചെയ്ത് സൂക്ഷിച്ച്‌വയ്ക്കുമെന്നും പരിശീലനത്തിന് നേതൃത്വം നല്‍കിയ ജില്ലാതല വോട്ടെടുപ്പ് പരിശീലകന്‍ ഗണേഷ് ഷേണായി പറഞ്ഞു.

മഞ്ചേശ്വരം തഹസില്‍ദാര്‍ വി ജോണ്‍ വര്‍ഗീസ്, ജൂനിയര്‍ സൂപ്രണ്ട് എസ് ഗോവിന്ദന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സിപിഎമ്മിനെ പ്രതിനിധീകരിച്ച് കെ ആര്‍ ജയാനന്ത, ടി നാരായണന്‍, ഇ മനോജ് കുമാര്‍, കെ പി വത്സലന്‍, പി കെ നിഷാന്ത്, മുസ്‌ലിം ലീഗ് പ്രതിനിധികളായി ടി ഇ അബ്ദുല്ല, സി എച്ച് അഹമ്മദ്, എം എസ് അബ്ദുല്‍ ഷുക്കൂര്‍, ടി എ റംസാന്‍, അബ്ദുല്ല ചെങ്കള, അബ്ദുല്‍ ഹക്കീം, കോണ്‍ഗ്രസ് (ഐ) യില്‍ നിന്നും എം കുഞ്ഞമ്പു നമ്പ്യാര്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രതിനിധി നാഷണല്‍ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button