Kerala

ഭവന നിര്‍മാണത്തിലെ വിഭവ ചൂഷണം നിയന്ത്രിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍ പുതിയ ഭവന നിര്‍മ്മാണ നയം കൊണ്ടുവരും

കേരളത്തില്‍ ഭവനനിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന വിഭവ ചൂഷണം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ – ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് ജില്ലാ നിര്‍മിതി കേന്ദ്രയുടെ സഹകരണത്തോടെ ‘നവകേരളത്തിന് പുതിയ ഭവന സാക്ഷരത’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര നവകേരള സൃഷ്ടിയുടെ ഭാഗമായി നിര്‍മാണ മേഖലകളുമായി ബന്ധപ്പെട്ട് വിദഗ്ധ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദുരന്തങ്ങള്‍ അഭിമുഖീകരിച്ച പ്രദേശങ്ങളുടെ അനുഭവം പഠന വിധേയമാക്കുന്നതിനോടൊപ്പം ഇനിയൊരു ദുരന്തം ഉണ്ടായാല്‍ നാശനഷ്ടങ്ങളുടെ തോത് കുറക്കാനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

വലിയ വീടുകള്‍ നിര്‍മിക്കുന്നതാണ് കേരളീയരുടെ പൊതുരീതി. ഇത് കാരണം പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിലും കേരളം തന്നെയാണ് മുന്‍പന്തിയില്‍. ഇത് നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ പ്രകൃതിക്ക് വലിയ ആഘാതം നേരിടേണ്ടി വരും. വിഭവങ്ങളുടെ പരിധിവിട്ട ചൂഷണം നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ധിപ്പിക്കുന്നതോടൊപ്പം പാവങ്ങള്‍ക്ക് വീടെന്നത് സ്വപ്നം മാത്രമാക്കി മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. പ്രകൃതിയോടുള്ള അവഗണന അവസാനിപ്പിച്ച് ഭൂമിക്കിണങ്ങുന്ന കെട്ടിട നിര്‍മ്മാണങ്ങള്‍ സംസ്ഥാനത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പിന്റെ കണക്ക് പ്രകാരം കേളത്തില്‍ നാല് ലക്ഷത്തോളം കുടുംബങ്ങള്‍ ഭവന രഹിതരാണ്. എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയോളം വാസയോഗ്യമായ വീടുകള്‍ പൂട്ടിക്കിടക്കുകയാണ്. വിദേശത്ത് താമസിക്കുന്നവരും ഒന്നിലധികം വീടുകള്‍ നിര്‍മ്മിച്ചവരും ഏറെയാണ്. മത്സരബുദ്ധിയോടെയുള്ള വീട് നിര്‍മ്മാണം പ്രകൃതിക്ക് വലിയ കോട്ടം തട്ടിക്കും. ഇതിന് പരിഹാരം കാണാനായി സംസ്ഥാനത്ത് ഭവന നിര്‍മ്മാണ നയവും കേരള ബില്‍ഡിംഗ് കോഡും നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ വര്‍ഷം തന്നെ ഇത് നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ നടന്ന ശില്പശാലയില്‍ ജില്ലാ പ്രസിഡണ്ട് കെ.വി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ കോഴിക്കോട് എന്‍ ഐ ടി അസി. പ്രൊഫ. ഡോ ദീപ്തി ബെന്‍ഡി, ആര്‍ക്കിടെക്റ്റ് പ്രവീണ്‍ ചന്ദ്ര, പരിസ്ഥിതി വിദഗ്ദര്‍ എം അലി മണിക്ക്ഫാന്‍ എന്നിവര്‍ ക്ലാസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button