സൗദി അറേബ്യയില്‍ വാഹനാപകട നിരക്കില്‍ കുറവ്

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകട നിരക്കില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ കുറവ്. 24 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2017 സെപ്തംബര്‍ മുതല്‍ 2018 ആഗസ്ത് വരെയുളള 12 മാസത്തെ കണക്ക് പ്രകാരമാണ് കുറവ് രേഖപ്പെടുത്തിയത്. ആദ്യമായാണ് കഴിഞ്ഞ വര്‍ഷത്തെ വാഹനാപകടങ്ങളുടെ സ്ഥിതി വിവരം ഔദ്യോഗികമായി പുറത്തു വിടുന്നത്.

കഴിഞ്ഞ വര്‍ഷം സൗദിയില്‍ മാത്രം 3.5 ലക്ഷം റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ലക്ഷം അപകടങ്ങള്‍ കുറഞ്ഞു. അപകടങ്ങളില്‍ 6,025 പേര്‍ മരിച്ചു. 30,217 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് മണിക്കൂറില്‍ ശരാശരി 40 വാഹനാപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ദിവസവും ശരാശരി പതിനാറു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 82 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
Leave a Comment