NewsIndia

ബി.ജെ.പി വെബ്സൈറ്റിനെതിരെ മോഷണാരോപണവുമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

 

ഹൈദരാബാദ്: ബി.ജെ.പി വെബ്സൈറ്റ് ഡിസൈന്‍ മോഷ്ടിച്ചെന്ന് സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ 3 ലേ ഔട്ട് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പി വെബ്സൈറ്റ് പൂര്‍ണമായും തിരികെ പിടിക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വെബ് സൈറ്റ് മാര്‍ച്ച് 21ന് പുനസ്ഥാപിച്ചെങ്കിലും നിലവില്‍ ഒരു ഹോം പേജ് മാത്രമായി ട്രെയല്‍ റണ്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. ബി.ജെ.പിയുടെ ടെക് വിദ്ഗദ്ധര്‍ക്ക് ഇതുവരെ സൈറ്റ് തിരികെ പിടിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് പുതിയ ആരോപണം.

ഡബ്ല്യൂ 3 ലേ ഔട്ട് ഡിസൈന്‍ ചെയ്ത ‘പീക്ക്’ എന്ന പേരിലുള്ള ‘ലാന്‍ഡിങ് പേജ് ബൂട്ട്‌സ്ട്രാപ്പ് റെസ്‌പോണ്‍സീവ് വെബ് ടെംപ്ലേറ്റ്’ ആണ് ബി.ജെ.പി നിലവിലെ വെബ്‌സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസൈന്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ് എന്നാണ് ബി.ജെ.പി സാങ്കേതിക സെല്‍ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്. എന്നാല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ വിവരങ്ങള്‍ അടങ്ങിയ കോഡിംഗ് എഡിറ്റ് ചെയ്ത ശേഷമാണ് ബി.ജെ.പി ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് വിവാദമായത്.

വെബ് ഡിസൈന്‍ മോഷണം ഡബ്ല്യൂ 3 ലേ ഔട്ട് ട്വിറ്റര്‍ വഴി ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവികളോ ടെക്നിക്കല്‍ വിദ്ഗദ്ധരോ തയ്യാറായിട്ടില്ല. സംഭവം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനാവും ഡബ്ല്യൂ 3 ലേ ഔട്ട് ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button