KeralaNews

സര്‍വ്വേന്ത്യാ ലീഗിന്റെ പൈതൃകം തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തയ്യാറാകുമോ? അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട സര്‍വ്വേന്ത്യാ ലീഗിന്റെ പൈതൃകം അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും വ്യക്തമാക്കണമെന്ന് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള. സര്‍വ്വേന്ത്യാ ലീഗിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തയ്യാറാകുമോ?. ഇന്ത്യയെ വിഭജിക്കരുതെന്നാണ് 1947ല്‍ കാബിനറ്റ് മിഷന് മുന്‍പാകെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 16 പരമാധികാര റിപ്പബ്ലിക്കായി വെട്ടിമുറിക്കണമെന്നും ഹിതപരിശോധന നടത്തണമെന്നുമായിരുന്നു കമ്യൂണിസ്റ്റുകളുടെ അഭിപ്രായം. ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്ന് രാജ്യത്തെ വിഭജിക്കുന്ന രാഹുല്‍ കോണ്‍ഗ്രസ്സിന്റെ പഴയ നിലപാട് മാറ്റി ലീഗിന്റെയും കമ്യൂണിസ്റ്റുകാരുടെയും അഭിപ്രായമാണ് പിന്തുടരുന്നത്. സര്‍വ്വേന്ത്യാ ലീഗിന്റെ കാഴ്ചപ്പാടിലേക്ക് കോണ്‍ഗ്രസ് തിരിഞ്ഞുനടക്കുകയാണ്. കേസരി ഹാളില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യയെ അവഗണിക്കുന്നുവെന്ന രാഹുലിന്റെ ആരോപണം വിഭജന രാഷ്ട്രീയമാണ്. ഇതുവരെ കോണ്‍ഗ്രസ് പോലും ഉന്നയിക്കാത്തതാണിത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വിതക്കുന്ന വിത്ത് രാജ്യത്തിന് വിനാശകരമാണ്. വിഭജനത്തിന് കാരണക്കാരായ ലീഗിന്റെ അഭയത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന മനസ്ഥിതി തെറ്റാണ്. വിഭജനത്തിന്റെ കെടുതികള്‍ അനുഭവിച്ചവര്‍ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ഹിന്ദു, മുസ്ലിം പ്രശ്‌നമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.

ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ രാഷ്ട്രീയ വൈരാഗ്യത്തോടെ കേസുകള്‍ ചുമത്തുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യാത്തവര്‍ക്കെതിരെയും കേസെടുക്കുന്നു. ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. നിയമം ആയുധമാക്കി ഇതിനെ നേരിടും. ജനാധിപത്യത്തെ ഒരിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിട്ടില്ല. രാജ്യത്തെ പ്രധാന പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ്് പാര്‍ട്ടി ഇപ്പോള്‍ രണ്ടക്കം കാണാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചിന്തിക്കണം. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്ന് മാത്രം സിപിഎമ്മിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും പി.എസ് ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button