Election News

പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും എഴുത്തുകളും പതിക്കുന്നവര്‍ക്കെതിരെ കേസെടുക്കാൻ നിർദേശം

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും എഴുത്തുകളും പതിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. 1984 ലെ പൊതുസ്വത്ത് നാശനഷ്ടപ്പെടുത്തുന്നത് സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുത്ത് വിവരമറിയിക്കാനാണ് നിര്‍ദേശം. പോലീസ് സ്‌റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാര്‍ക്കും ഹൈവേ പട്രോള്‍ ടീമിനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിയെ കളക്ടര്‍ ചുമതലപ്പെടുത്തി. എടുത്ത നടപടികളുടെയും കേസുകളുടെയും വിവരങ്ങള്‍ എല്ലാ ദിവസവും രാവിലെ 10ന് മുമ്പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും ചുവരെഴുതാനും ചിഹ്നം പതിപ്പിക്കാനും പാടില്ലെന്ന് നേരത്തേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നോട്ടീസ് നല്‍കി അറിയിച്ചിരുന്നു. എന്നിട്ടും പൊതുസ്ഥലങ്ങള്‍ വികൃതമാക്കുന്ന പ്രവൃത്തികള്‍ തുടരുന്നതായി കാണുന്ന സാഹചര്യത്തിലാണ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button