KeralaNews

എം കെ രാഘവനെതിരെയുള്ള ഒളിക്യാമറാ ദൃശ്യം വീണ്ടും മൊഴിയെടുത്തു

 

എം കെ രാഘവന്‍ എംപിയുമായി ബന്ധപ്പെട്ട് ടിവി 9 ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങള്‍ സത്യസന്ധമാണെന്ന് ഒളിക്യാമറയുമായി എംപിയെ സമീപിച്ച ചാനലിന്റെ രണ്ട് മാധ്യമ പ്രവര്‍ത്തകരും പൊലീസിനോട് സമ്മതിച്ചു. കേസന്വേഷിക്കുന്ന കോഴിക്കോട് നോര്‍ത്ത് അസി. കമീഷണര്‍ എ വി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇവര്‍ വിവരങ്ങള്‍ നല്‍കിയത്. ഇത് രണ്ടാം വട്ടമാണ് അന്വേഷകസംഘം ഡല്‍ഹിയിലെത്തി ചാനല്‍ സംഘത്തെ ചോദ്യം ചെയ്യുന്നത്.

ഏപ്രില്‍ രണ്ടാം വാരം പൊലീസ് നോയ്ഡയിലെ ചാനല്‍ ഓഫീസിലെത്തി മേധാവികളെ ചോദ്യം ചെയ്തിരുന്നു. ദൃശ്യങ്ങളും ശേഖരിച്ചു. ഏപ്രില്‍ എട്ടിന് എം കെ രാഘവനെയും സംഘം ചോദ്യംചെയ്തു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ 22 ന് എംപിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ഡല്‍ഹിയിലെത്തിയത്.
അഞ്ചംഗ ചാനല്‍ സംഘമാണ് ഇന്ത്യയൊട്ടുക്കുള്ള 18 എംപിമാരെ തേടിയിറങ്ങിയത്. ഇതില്‍ രണ്ട് പേരാണ് കോഴിക്കോട്ട് എം കെ രാഘവന്‍ എംപിയെ സമീപിച്ചത്. അവിടെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ഇവര്‍ അന്വേഷണസംഘത്തിന് നല്‍കി. ചാനല്‍ ദൃശ്യങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും കാണിച്ചിട്ടില്ലെന്നും ഇവര്‍ മൊഴിനല്‍കി. അടുത്തഘട്ടമായി കോടതി നിര്‍ദേശപ്രകാരം ദൃശ്യം ഫോറന്‍സിക് പരിശോധനക്ക് അയക്കും.

മാര്‍ച്ച് പത്തിനായിരുന്നു ടി വി 9 ചാനല്‍ സംഘം ഒളിക്യാമറ ഓപറേഷനുമായി രാഘവനെ ഓഫീസിലെത്തി കണ്ടത്. അഞ്ചുകോടി രൂപ കോഴ കൈപ്പറ്റാന്‍ സന്നദ്ധത അറിയിച്ച രാഘവന്‍ പണം ഡല്‍ഹിയിലെ സഹായിക്ക് കൈമാറാന്‍ നിര്‍ദേശിക്കുന്നതായും ദൃശ്യത്തിലുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button