IndiaNews

രാഹുലിനെതിരായ മോദിയുടെ പരാമര്‍ശം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം, ജനപ്രാതിനിധ്യ നിയമം എന്നിവ അനുസരിച്ച് ലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയും രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് തീരുമാനം പുറത്തു വിട്ടത്.

‘പെരുമാറ്റച്ചട്ടത്തിന്റെ മാനദണ്ഡങ്ങള്‍ / വ്യവസ്ഥകള്‍, 1951ലെ ജനപ്രാതിനിധ്യ നിയമം, മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എന്നിവയുടെ റിപ്പോര്‍ട്ട് എന്നിവയെക്കുറിച്ച് വിശദമായി പരിശോധിച്ചു. ഇക്കാര്യത്തില്‍ അത്തരമൊരു ലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഓഫീസര്‍ പറയുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷകരവും നിന്ദ്യവും ഭിന്നതയുണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നേരത്തെ പരാതി നല്‍കിയത്. അഹമ്മദ് പട്ടേല്‍, ജയറാം രമേഷ്, മനു അഭിഷേക് സിംഗ്വി, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കള്‍ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം നല്‍കി.

അമേഠിക്ക് പുറമേ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്ന തീരുമാനത്തെ പരാമര്‍ശിച്ച് മോദി ഇങ്ങനെ പറഞ്ഞു, ‘ന്യൂനപക്ഷം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നിന്നും ചിലര്‍ മത്സരിക്കുന്നതിനുള്ള കാരണം തീര്‍ച്ചയായും വ്യക്തമാണ്’ – ഇതേ തുടര്‍ന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.

പ്രസംഗത്തിന്റെ ഒറിജിനല്‍ പതിപ്പ് ഏപ്രില്‍ 14ന് സമര്‍പ്പിച്ച പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തി. മോദിയുടെ പ്രസംഗങ്ങളെ കുറിച്ചുള്ള മറ്റു പരാതികളില്‍ കമ്മീഷന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button