NewsIndia

ടൈം മാഗസിന്റെ പട്ടികയില്‍ ഇത്തവണയും മോദി ഇല്ല

 

ദില്ലി: ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ ലിസ്റ്റ് ടൈം മാഗസിന്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചപ്പോള്‍, ഇന്ത്യയില്‍ നിന്നും മൂന്ന് പേര്‍ മാത്രമാണ് അതില്‍ ഇടം പിടിച്ചത്. കോര്‍പ്പറേറ്റ് ഭീമന്‍ മുകേഷ് അംബാനി, ഇന്ത്യയിലെ സ്വവര്‍ഗാനുരാഗികള്‍ക്കായി പൊതുഹരജി നല്‍കിയ അരുന്ധതി കട്ജു, മേനക ഗുരുസ്വാമി എന്നിവരായിരുന്നു അത്.

എന്നാല്‍, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പട്ടികയില്‍ സ്ഥാനം പിടിച്ചില്ല എന്ന വസ്തുത പലരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. അദ്ദേഹത്തിന്റെ തൊട്ടടുത്ത രാജ്യമായ പാകിസ്താനിലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പോലും പട്ടികയില്‍ ഇടം നേടി. 2013-2014 കാലഘട്ടത്തില്‍ ദേശീയ രാഷ്ട്രീയ രംഗത്തെത്തിയ മോദി 2014,2015,2017 വര്‍ഷങ്ങളിലായി മൂന്ന് തവണ പട്ടികയില്‍ ഇടം നേടിയിരുന്നു. അതായത് ഓരോ തവണ മാഗസിന്റെ എഡിറ്റോറിയല്‍ വീക്ഷണം മാറിയപ്പോള്‍ പോലും മോദി ഇടം നേടി.

2014ലാണ് മോദി ആദ്യമായി ടൈം മാഗസിനിലെ ഫീച്ചറില്‍ ഇടം പിടിക്കുന്നത്. പെട്ടെന്നുള്ള നടപടികളും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകളും മികച്ച ഭരണവും കാഴ്ച വെക്കുന്നയാളാണ് മോദിയെന്ന് ടൈം മാഗസിന്‍ വിലയിരുത്തി. 2015 ല്‍, ലോക നേതാവായി ഭാവിയില്‍ മോദി എത്രമാത്രം മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തില്‍ പാശ്ചാത്യലോകം എങ്ങനെ കാണുന്നുവെന്നായിരുന്നു ടൈംമിന്റെ ഫീച്ചര്‍. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് എഴുതാന്‍ തിരഞ്ഞെടുത്തത്. ‘മോദി തന്റെ പാത പിന്തുടരാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നു. ദാരിദ്ര്യം കുറയ്ക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും സ്ത്രീകളെ ശക്തിപ്പെടുത്താനും ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും അദ്ദേഹത്തിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഒബാമ എഴുതി.

അടുത്ത വര്‍ഷം, ടൈം മാഗസിന്റെ മികച്ച 100 പേരുടെ പട്ടികയില്‍ മോദി പ്രത്യക്ഷപ്പെട്ടു. എഴുത്തുകാരനും മോദിയുടെ പ്രധാന വിമര്‍ശകനുമായ പങ്കജ് മിശ്ര ആയിരുന്നു മോദിയെ കുറിച്ച് എഴുതാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

മിശ്ര ഇങ്ങനെ എഴുതി. ”2014 മെയ് മാസത്തില്‍ അതായത് അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ‘ഏതാണ്ട് മൂന്നു വര്‍ഷത്തിനു ശേഷം, ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ തന്ത്രങ്ങളും സാംസ്‌കാരിക മേധാവിത്വവും അപ്രസക്തമായി. അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ വാദികള്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുകയും ദരിദ്രരായ മുസ്ലീങ്ങളെ ചൂഷണം ചെയ്യുകയും ചെയ്തു. ഇതോടെ മോദിയുടെ പ്രഭാവം നഷ്ടപ്പെട്ടു.”

ആ വര്‍ഷമാണ് ടൈം മാഗസിനില്‍ മോദി അവസാനമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2018ലും 2019ലും അദ്ദേഹത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. 2014 മുതല്‍ എല്ലാ വര്‍ഷവും ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button