NewsIndia

സിഖ് കൂട്ടക്കൊല: കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ത്ത് ബി.ജെ.പി

 

അഞ്ചാം ഘട്ട പോളിങിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ബി.ജെ.പിയുടെ കടന്നാക്രമണം. സിഖ് കൂട്ടക്കൊലയെക്കുറിച്ച് സാം പിത്രോഡയുടെ പരാമര്‍ശം വിവാദമാക്കിയ ബി.ജെ.പി, കോണ്‍ഗ്രസിന്റെ അഹന്തക്ക് ജനം മറുപടി നല്‍കുമെന്നും അവകാശപ്പെട്ടു. പിത്രോഡയുടെ പരാമര്‍ശം തള്ളിയ കോണ്‍ഗ്രസ് ഗുജറാത്ത് കലാപത്തിലടക്കം ഇരകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് തിരിച്ചടിച്ചു.

സിഖ് കൂട്ടക്കൊലയില്‍ രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്ന ബി.ജെ.പി ആരോപണത്തിന് മറുപടിയായി നടന്നത് നടന്നുവെന്നും 1984ലെ സംഭവത്തിന് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്നുമുള്ള സാം പിത്രോഡയുടെ പരാമര്‍ശമാണ് വിവാദമായത്. സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിന് ഒരു മനസ്താപവുമില്ലെന്ന് തെളിയിക്കുന്നതാണ് പിത്രോഡയുടെ പരാമര്‍ശമെന്നും കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യത്തിന് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

സിഖ് വിരുദ്ധ കലാപത്തിന്റെ രൂക്ഷത നേരിട്ടറിഞ്ഞ ഡല്‍ഹി മറ്റന്നാള്‍ വോട്ട് ചെയ്യാനിരിക്കവെയാണ് പഴയ മുറിവുകള്‍ ഓര്‍മ്മിപ്പിച്ച് ബി.ജെ.പിയുടെ പ്രചാരണം. അടുത്ത ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിലും ഈ പ്രചാരണം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ പിത്രോഡയെ തള്ളി കോണ്‍ഗ്രസ് പ്രസ്താവന പുറത്തിറക്കുകയായിരുന്നു. പിത്രോഡയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. സിഖ് കൂട്ടക്കൊലയില്‍ കുറ്റക്കാരായ നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയിലുള്‍പ്പെടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണം. മറുവശത്ത് ഭീകരാക്രമണകേസിലെ പ്രതിയായ പ്രഗ്യാ സിങ്ങിനെ സ്ഥാനാര്‍ഥിയാക്കിയ ബി.ജെ.പിയാണ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് സാം പിത്രോഡയും വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button