News

ട്വിറ്ററില്‍ നിന്ന് ഛൗക്കിദാര്‍ നീക്കം ചെയ്ത് മോദി, ആ ആവേശം എന്നും മനസിലുണ്ടാകുമെന്നും മോദി

ന്യൂഡല്‍ഹി: ഔദ്യോഗിക ട്വിറ്ററില്‍ നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൗക്കിദാര്‍ എന്ന വിശേഷണം പിന്‍വലിച്ചു. മറ്റ് ബിജെപി നേതാക്കളോടും ഇത് നീക്കം ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതോടെ രാജ്യത്തെ ജനങ്ങളെല്ലാം സ്വയം കാവല്‍ക്കാരായി മാറിയെന്നും രാജ്യത്തിന് വേണ്ടി മഹത്തായ സേവനമാണ് ചെയ്തതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ജാതീയത, വര്‍ഗീയത, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ തിന്മകളില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ചിഹ്നമാണ് ചൗക്കിദാര്‍. ഇപ്പോള്‍, ചൗക്കിദാര്‍ ആവേശത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ സമയമായിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഓരോ നിമിഷത്തിലും ഈ ആവേശം നിലനിര്‍ത്തണമെന്നും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചൗക്കിദാര്‍ എന്ന പദം എന്റെ ട്വിറ്റര്‍ പേരില്‍ നിന്നു മാത്രമാണ് പോയതെന്നും അത് ഉള്ളില്‍ അവിഭാജ്യ ഘടകമായി നിലനില്‍ക്കുമെന്നും മോദി പറഞ്ഞു. എല്ലാവരും അങ്ങനെതന്നെയായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചിലാണ് ‘മേം ഭി ഛൗക്കിദാര്‍’ എന്ന ഹാഷ്ടാഗില്‍ പ്രധാനമന്ത്രി പ്രചാരണം തുടങ്ങിയത്. അഴിമതിക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന കാവല്‍ക്കാരനായി രാജ്യപുരോഗതിയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഈ പ്രചാരണം വഴി അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പേരിനൊപ്പം ഛൗക്കിദാര്‍ എന്ന് ചേര്‍ത്ത് ബിജെപി നേതാക്കളും അനുയായികളും മോദിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്ത് വരികയും ഇത് വിവാദമാകുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button