മോദിയുടെ രണ്ടാം വരവ് അബുദാബിയിലും ആഘോഷം; സത്യപ്രതിജ്ഞ സമയം അഡ്‌നോക് ടവറില്‍ തെളിഞ്ഞത് മോദിയുടെ കൂറ്റന്‍ ചിത്രം

അബുദാബി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ രണ്ടാം വരവ് ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യുഎഇ തലസ്ഥാനമായ അബൂദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്നോക് ഗ്രൂപ്പിന്റെ ടവറിലാണ് മോദിയുടെയും അബൂദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സൗഹൃദ ചിത്രങ്ങള്‍ തെളിഞ്ഞത്.

ഇത് യഥാര്‍ഥ സൗഹൃദമാണെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് കരുതുന്നതെന്നും യുഎയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി ട്വിറ്ററില്‍ കുറിച്ചു. 2015ല്‍ മോദി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പുതിയ ദിശയിലേയ്ക്ക് വഴിമാറിയെന്നും നവദീപ് സിങ് സുരി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുവര്‍ണ കാലഘട്ടമാകും ഇനി വരാനിരിക്കുന്നതെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ കൂടുതല്‍ സഹകരണമുണ്ടാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ ക്യാബിനറ്റ് റാങ്ക് പദവിയുള്ള 25 മന്ത്രിമാരാണുള്ളത്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്.

Share
Leave a Comment