Kerala

നിപ പ്രതിരോധം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം

എറണാകുളം: ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ കെ നാരായണ നായ്കിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പരിയാരം ഗവ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ആവശ്യം വരുന്ന ഘട്ടത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ആശുപത്രികളില്‍ പനിയുമായി വരുന്ന രോഗികള്‍ക്ക് പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയിലെ സ്വകാര്യ ആശുപത്രി മേധാവികള്‍ക്ക് ജില്ലാതലത്തില്‍ ബോധവല്‍ക്കരണം നടത്തും. ആശുപത്രി ജീവനക്കാര്‍ക്ക് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ടും നിപ രോഗ ലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും അണുബാധ തടയുന്നതിന് ശരിയായ കൈകഴുകല്‍ രീതിയുടെ ആവശ്യകതയെക്കുറിച്ചും ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ മുഖേന പൊതുജനങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തും. പനിയോ മറ്റ് അനുബന്ധ ലക്ഷണങ്ങളോ ഉള്ളവര്‍ പൊതുജനസമ്പര്‍ക്കം ഒഴിവാക്കേണ്ടതും എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതുമാണ് എന്ന് യോഗം അറിയിച്ചു. എല്ലാ കീഴ്ഘടക സ്ഥാപനങ്ങളും അവരവരുടെ പരിധിയിലുള്ള സ്വകാര്യ ആശുപത്രികളില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (എ ഇ എസ്), അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എ ആര്‍ ഡി എസ്) കേസുകള്‍ അതാത് ദിവസം തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡി എസ് പി വിഭാഗത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം.

ജില്ലാ/ജനറല്‍ ആശുപത്രികളില്‍ ലഭ്യമായ പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്സ് (പി പി ഇ) കിറ്റുകള്‍ ഡോക്ടര്‍മാരും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരും ആവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതും, ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പുതിയ കിറ്റുകള്‍ വാങ്ങേണ്ടതുമാണ്. എല്ലാ ആശുപത്രികളിലും അടിയന്തിര ഘട്ടങ്ങളെ നേരിടാനായി ആംബുലന്‍സ് സജ്ജമാക്കും. ആശുപത്രികളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സൂപ്രണ്ടുമാരോട് നിര്‍ദ്ദേശിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ജീവനക്കാര്‍ക്ക് ലീവ് അനുവദിക്കുകയുള്ളൂ. നിപ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുണ്ടെങ്കില്‍ അവരുടെ വിശദവിവരങ്ങള്‍ അതാത് സ്ഥലത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ അറിയിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ/ ജനറല്‍ ആശുപത്രികള്‍ക്ക് മുന്‍തൂക്കം നല്‍കി നിപയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സംശയാസ്പദമായ കേസുകളുടെ സാംപിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുന്നതിനുള്ള സൗകര്യം പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ പ്രതിരോധത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിലും (ആരോഗ്യം) ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഡോ എം കെ ഷാജ് (ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ 9447256458), ഡോ എന്‍ അഭിലാഷ് (ജില്ലാ നോഡല്‍ ഓഫീസര്‍ 9961730233) നമ്പറുകളില്‍ വിളിക്കാം. ജില്ലാ നോഡല്‍ ഓഫീസറായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ കസള്‍ട്ടന്റ് (ജനറല്‍ മെഡിസിന്‍) ഡോ എന്‍ അഭിലാഷിനെ നിയോഗിച്ചു. തലശ്ശേരി ആശുപത്രിയിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്റ് (ജനറല്‍ മെഡിസിന്‍) ഡോ കെ സി അനീഷിനെയും ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button