News

കാലം മാറുമ്പോൾ ചട്ടപ്പടി കോഴ്‌സുകൾ മാത്രം പോരാ; ഉന്നതവിദ്യാഭ്യാസമേഖലയിൽ കാലാനുസൃതമായ വലിയ മാറ്റങ്ങൾ വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുന്നത് വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാനുസൃതമായ മികവോടെ പുതിയ മേഖലകൾക്കനുസരിച്ചുള്ള കോഴ്‌സുകൾ ആരംഭിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല ആസ്ഥാനത്ത് ഡോ. കെ.ആർ. നാരായണൻ സ്മാരക വിദ്യാർഥി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കാലം മാറുമ്പോൾ ചട്ടപ്പടി കോഴ്‌സുകൾ മാത്രം പോരാ. കേരളത്തിൽനിന്ന് വേണ്ടത്ര അർഹരായ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ല എന്ന് അടുത്തിടെ സംസ്ഥാനത്തെത്തുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ പറഞ്ഞിരുന്നു. പുതിയ മേഖലകൾ തുറക്കുമ്പോൾ അത്തരത്തിലുള്ള പഠനത്തിനുള്ള കോഴ്‌സുകളാണ് ആവശ്യം. ഇത്തരം കോഴ്‌സുകൾക്ക് നമ്മുടെ നാട്ടിൽ മാത്രമല്ല, പുറത്തും ആവശ്യക്കാരുണ്ട്. ഇതിനുള്ള തുടക്കമായാണ് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത്. വിദ്യാഭ്യാസവർഷം ആരംഭിക്കുമ്പോൾ തന്നെ എല്ലാ പി.ജി, ഡിഗ്രി ഉൾപ്പെടെയുള്ള കോഴ്‌സുകളുടെ ക്ലാസ് തുടങ്ങാനും അടുത്തവർഷം കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യഥാസമയം സർട്ടിഫിക്കറ്റുകളും വിവരങ്ങളും ലഭിക്കാതിരുന്നത് മുമ്പൊക്കെ ഒട്ടേറെ ബുദ്ധിമുട്ടുകൾ വിദ്യാർഥികൾക്ക് സൃഷ്ടിച്ചിരുന്നു. പുതിയ സേവന കേന്ദ്രം ഈ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നതവിദ്യാഭ്യാസരംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. ന്യൂജെൻ കോഴ്‌സുകളായ റോബോട്ടിക് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിൽ പുതിയ കോഴ്‌സുകളാണ് കോളേജുകളിലും സർവകലാശാലകളിലും കൊണ്ടുവരുന്നത്. 120 ഓളം കോളേജുകൾക്ക് റൂസ ഫണ്ട് ലഭ്യമാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button