NewsInternational

ട്രംപിന്റെ ഉത്തര കൊറിയ സന്ദര്‍ശനം അതിശയകരമെന്ന് വിലയിരുത്തല്‍

 

പ്യോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം അതിശയകരമെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയില്‍ കാലുകുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അന്നുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയെ തികച്ചും ക്രിയാത്മകമായാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ തിങ്കളാഴ്ച വിപുലമായ രീതിയില്‍ അഭൂതപൂര്‍വമായ സംഭവത്തെ അവതരിപ്പിച്ചു.
ഇക്കാലമത്രയും ശത്രുപക്ഷത്ത് നിര്‍ത്തി വേട്ടയാടിയ ഉത്തരകൊറിയയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് എത്തിയതും തങ്ങളുടെ നേതാവിനെ പ്രകീര്‍ത്തിച്ചതും അത്ഭുതത്തോടെയാണ് ജനങ്ങള്‍ കണ്ടത്.

ഫെബ്രുവരിയില്‍ കിം–ട്രംപ് രണ്ടാം ഉച്ചകോടി തീരുമാനമൊന്നും പ്രഖ്യാപിക്കാതെ പിരിഞ്ഞതോടെ കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണ ചര്‍ച്ച സ്തംഭിച്ചിരുന്നു. ഇത്തവണയും വ്യക്തമായ ഉടമ്പടികളിലൊന്നും എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതുറന്നേക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ രാഷ്ട്രീയനാടകം മാത്രമാണിതെന്നും വിമര്‍ശനമുയരുന്നുണ്ട്. അതേസമയം, കിമ്മിനെ പരിഹാസവും ഭീഷണിയും ചൊരിഞ്ഞ് നിരന്തരം അവഹേളിച്ചിരുന്ന ട്രംപ് അദ്ദേഹത്തെ തേടിയെത്തിയത് ഉത്തരകൊറിയയുടെ വിജയം തന്നെയാണ്. കേവലം ഹസ്തദാനത്തില്‍ ഒതുങ്ങുമെന്നു കരുതിയ സന്ദര്‍ശനം ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയിലേക്കു നീണ്ടു. അടുത്ത ആഴ്ചകളില്‍തന്നെ ചര്‍ച്ച പുനരാരംഭിക്കാനും ഇരു നേതാക്കളും ധാരണയിലെത്തി.

അതേസമയം, ട്രംപിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button