NewsIndia

പത്രമേഖലയ്ക്ക് തിരിച്ചടി; ന്യൂസ് പ്രിന്റിന് 10 ശതമാനം ഇറക്കുമതി തീരുവ

 

ന്യൂഡല്‍ഹി: പത്ര–മാസികകള്‍ അച്ചടിക്കുന്ന കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് തീരുമാനം പത്രവ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തും. പല പത്രങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതിനു പുറമെയാണ് ഇപ്പോള്‍ ഇറക്കുമതിചെയ്യുന്ന പത്രക്കടലാസിന് നികുതി ചുമത്താനുള്ള തീരുമാനം. അച്ചടിച്ചെലവില്‍ വന്‍ വര്‍ധനയ്ക്ക് തീരുവ ചുമത്തല്‍ വഴിയൊരുക്കും. ആഭ്യന്തര പത്രക്കടലാസ് നിര്‍മാണവ്യവസായത്തെ സംരക്ഷിക്കാനെന്ന പേരിലാണ് 10 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയത്. തീരുമാനം ഞായറാഴ്ചമുതല്‍ നിലവില്‍ വരും.

ഇറക്കുമതിചെയ്യുന്ന പത്രക്കടലാസിന് അഞ്ചുശതമാനം ഇറക്കുമതി തീരുവ 2008 വരെ നിലവിലുണ്ടായിരുന്നു. വിലവര്‍ധനയെത്തുടര്‍ന്ന് 2009ല്‍ തീരുവ പൂര്‍ണമായും എടുത്തുകളഞ്ഞു. 10 വര്‍ഷത്തിനുശേഷം ഇറക്കുമതിത്തീരുവ 10 ശതമാനമെന്ന നിലയില്‍ മോഡി സര്‍ക്കാര്‍ പുനഃസ്ഥാപിക്കുകയാണ്. ഇറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനത്തെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ നിശിതമായി വിമര്‍ശിച്ചു. പത്രമാധ്യമങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് സ്റ്റാലിന്‍ പറഞ്ഞു. വാര്‍ത്തകളും അഭിപ്രായങ്ങളും പ്രചരിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, തീരുവ വര്‍ധിപ്പിച്ച നടപടിയെ ഇന്ത്യന്‍ ന്യൂസ്പ്രിന്റ് നിര്‍മാണ അസോസിയേഷന്‍ സ്വാഗതംചെയ്തു. തീരുവ കൂടാതെയുള്ള പത്രക്കടലാസ് ഇറക്കുമതി ആഭ്യന്തരവ്യവസായത്തെ ദോഷകരമായി ബാധിച്ചിരുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാഗസിന്‍സ് പ്രസിഡന്റ് ആര്‍ രാജമോഹന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button