വയറു നിറയെ ഭക്ഷണവും കീശനിറയെ കാശും; മത്സരത്തില്‍ സമ്മാനമടിച്ച് യുവാവ്

പാലക്കാട് : തീറ്റമല്‍സരം പലതുണ്ടെങ്കിലും കുറഞ്ഞസമയത്തിനുളളില്‍ ബിരിയാണി തിന്നുന്നവരെ കണ്ടെത്താന്‍ പാലക്കാട്ടൊരു മല്‍സരം നടന്നു. തീറ്റക്കാരുടെ തിരക്കു കാരണം നാലു ഘട്ടങ്ങളെടുത്തു മല്‍സരം പൂര്‍ത്തിയാക്കാന്‍. ഒരു കിലോ ബിരിയാണി ഒന്നര മിനിറ്റില്‍ തിന്നു തീര്‍ത്ത യുവാവിനായിരുന്നു സമ്മാനം. കീശ നിറയെ കാശും വയറു നിറയെ ഭക്ഷണവും കിട്ടിയ സന്തോഷത്തിലാണ് യുവാവ്.

ഒരു മിനിറ്റ് 36 സെക്കന്റ് കൊണ്ട് പാറ സ്വദേശി ആദര്‍ശ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം നേടിയ യാക്കര സ്വദേശി വിനോദ് ഒരു മിനിറ്റ് 56 സെക്കന്റ് കൊണ്ട് ബിരിയാണി തിന്നു. ജന്മനാ കാഴ്ച കുറവുളള വിനോദിന്റെ വിജയമാണ് ഏവര്‍ക്കും അത്ഭുതമായത്.

ഉദ്ഘാടകന്‍ വിസില്‍ മുഴക്കിയതോടെ ചൂടേറിയ ബിരിയാണി തീറ്റമല്‍സരവും ആരംഭിച്ചു. ഇടം വലം നോക്കാതെ ഓരോരുത്തരും കടുത്ത മത്സരത്തില്‍. ഉരുളയുരുട്ടാനോ രുചി ആസ്വദിക്കാനോ സമയമില്ലാതെ വിഴുങ്ങി വെളളം കുടിക്കുകയായിരുന്നു ഏറെപ്പേരും. ഒരു കിലോ ബിരിയാണി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തിന്നു തീര്‍ക്കുന്നവര്‍ക്ക് പതിനായിരം രൂപയായിരുന്നു സമ്മാനം.

ഗ്രീന്‍വാലി ഓഫ് പാലക്കാടും ബഫറ്റ് ലോഞ്ചും സംയുക്തമായി സംഘടിപ്പിച്ച മല്‍സരത്തില്‍ ഒന്‍പതു വയസുകാരി മുതല്‍ വിവിധ പ്രായത്തിലുള്ള 350 പേര്‍ പങ്കെടുത്തു. നിരവധിപേരാണ് തീറ്റ മത്സരം ആസ്വദിക്കാനെത്തിയത്.

Share
Leave a Comment