Kerala

കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് 2.5 കോടിയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കാന്‍സര്‍ സുരക്ഷാ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദാരിദ്ര്യ രേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും പ്രയോജനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 6,790 പേര്‍ക്ക് സഹായം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

18 വയസിന് താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് കാന്‍സര്‍ സുരക്ഷ. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടി വരുന്നവര്‍ക്ക് ചികിത്സാ ചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. രോഗനിര്‍ണയ ചെലവുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സയുടെ മുഴുവന്‍ ചെലവും മിഷന്റെ ഫണ്ട് വഴി ആശുപത്രികള്‍ വഹിക്കും. ഒരു കുട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്. എന്നിരുന്നാലും, ഓങ്കോളജിസ്റ്റ്/ചികിത്സാ ഡോക്ടര്‍, റേഡിയോളജി വിഭാഗം മേധാവി, സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികച്ചെലവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണ്. യോഗ്യരായ രോഗികള്‍ ഈ സ്‌കീമിന് കീഴില്‍ റരജിസ്റ്റര്‍ ചെയ്യപ്പെടുകയും ഒരു പേഷ്യന്റ് കാര്‍ഡ് നല്‍കുകയും ചെയ്യുന്നു.

രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് നിയുക്ത ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭിക്കും. തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ ഗവ: മെഡിക്കല്‍കോളേജ് ആശുപത്രികളിലും ഐ.എം.സി.എച്ച്. കോഴിക്കോട്, ഐ.സി.എച്ച്. കോട്ടയം, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, ജനറല്‍ ആശുപത്രി എറണാകുളം, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കണ്ണൂര്‍, ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, എറണാകുളം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആശുപത്രികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button