OnamFestivals

വിസ്മൃതിയിലായ ആ ഓണക്കാലം; ഓര്‍മ്മകള്‍ പങ്കുവെച്ച് ആലംങ്കോട് ലീലാകൃഷ്ണന്‍

മലയാളത്തനിമകൊണ്ട് പോയകാലത്തിന്റെ കാല്പനിക ചാരുത നമുക്ക് പറഞ്ഞു തരികയാണ് കവിയും സാംസ്‌കാരിക നായകനുമായ ആലംങ്കോട് ലീലാകൃഷ്ണന്‍. പ്രകൃതിയും ചരിത്രവും മിത്തും പാട്ടും പൂക്കളുടെ വര്‍ണവൈവിധ്യവും നിറഞ്ഞ ഓണസ്മൃതികളാണ് അദ്ദേഹത്തിന് പങ്കുവെക്കാനുള്ളത്.

ALSO READ: ഓണം എന്ന പേരിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ

‘ ഓണം തികച്ചും ഗ്രാമീണമായൊരു അനുഭവമാണ്. ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാണ് ഓണം എന്നുതന്നെ പറയാം. ഗ്രാമത്തിലെ കുട്ടികള്‍ക്കേ തൊടിയിലും കുന്നിന്‍ ചെരുവുകളിലുമൊക്കെ നില്‍ക്കുന്ന പൂക്കള്‍ പറിക്കാനുള്ള സൗകര്യമുള്ളൂ. നഗരത്തില്‍ ഓണവുണ്ടാവും. അവര്‍ ആര്‍ഭാടമായി ആഘോഷിക്കുകയും ചെയ്യും. എന്നാല്‍ ഗ്രാമത്തിലെ കുട്ടികളെപ്പോലെ അവര്‍ക്ക് പൂ പറിക്കാന്‍ കഴിയില്ല. ഓണത്തിന്റെ വിനോദങ്ങളും ഗ്രാമീണതയുമായി ബന്ധപ്പെട്ടതാണ്. തുമ്പിതുള്ളലും ആട്ടക്കളവും പോലുള്ള നിരവധി ഓണ വിനോദങ്ങള്‍ ഗ്രാമീണതയുമായി ബന്ധപ്പെട്ടിരിക്കുന്നു’ ഓണം ഗ്രാമീണ ജീവിതത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും പ്രതീകമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം

ഓണം ഇന്ന് കച്ചവട സംസ്‌കാരത്തിന്റെ ഭാഗമായി. മുറ്റത്ത് അലങ്കാരം തീര്‍ക്കുന്ന പൂക്കള്‍ പോലും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ. മണ്‍മറഞ്ഞുപോയ ഓണപ്പൂക്കളെക്കുറിച്ചും ഗ്രാമങ്ങളില്‍ അലയൊലി തീര്‍ത്തിരുന്ന ഓണപ്പാട്ടുകളെക്കുറിച്ചും അദ്ദേഹത്തിന് ചിലത് പറയാനുണ്ട്. അതിങ്ങനെയാണ്

‘ഇന്ന് മനസില്‍ മാത്രമാണ് ഓണം. പ്രകൃതിയില്‍ ഓണമില്ല. കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരാഘോഷമാണ് അത്. കൊയ്ത്തുകഴിഞ്ഞാണ് ഓണം ആഘോഷിക്കുന്നതെന്നതുതന്നെ അതിന് തെളിവാണ്. കര്‍ക്കിടക വറുതിയും പഞ്ഞവും മഴയുമെല്ലാം കഴിഞ്ഞാല്‍ ഓണമെത്തും. പുത്തരിയും നിറപുത്തരിയും കഴിഞ്ഞ്, ഇല്ലവും വല്ലവും നിറച്ച് എല്ലാവരും ചേര്‍ന്ന് ഉണ്ണുന്ന ആഘോഷമാണത്’

ALSO READ: വിസ്മൃതിയിലായ ഓണപ്പൂക്കള്‍

ഓണം വസന്തത്തിന്റെ ആഘോഷം കൂടിയാണ്. മനുഷ്യര്‍ക്ക് മാത്രമല്ല ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കുമുള്ളതാണ് ഓരോ ഓണക്കാലവും. എല്ലാം വീട്ടുമുറ്റത്തെത്തിച്ച് നല്‍കുന്ന, റെഡിമെയ്ഡ് പൂക്കളം പോലും ലഭിക്കുന്ന ഇന്നത്തെ കാലത്ത് ആ സങ്കല്‍പ്പങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതായി എന്ന് അദ്ദേഹം പറയുന്നു. ഓണം വസന്തത്തിന്റെ ആഘോഷമാണെന്നും സമൃദ്ധമായൊരു പുഷ്പചരിത്രം നമുക്കുണ്ടെന്ന് പറയുന്ന അദ്ദേഹം പണ്ടുകാലത്തെ പല പൂക്കളും ഇന്ന് കാണാനില്ല എന്ന പരിഭവവും പങ്കുവെയ്ക്കുന്നു. ‘തുമ്പപ്പൂവും മുക്കുറ്റിയും എവിടെ? ഒണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടാറുള്ള നെല്ലിപ്പൂവ് ഇന്ന് കാണാനില്ല. മാവേലിയുടെ ശിരസില്‍ ചൂടാനുപയോഗിച്ചിരുന്ന കൃഷ്ണകിരീടമെവിടെ. ആ പുഷ്പം കാഴ്ചയില്‍ നിന്നും തന്നെ മറഞ്ഞിരിക്കുന്നു. വളര്‍ന്നു പടര്‍ന്നു കിടക്കുന്ന കണ്ണാന്തളി പൂക്കളും ഇന്നില്ല. വയല്‍പ്പൂക്കളും വേലിപ്പൂക്കളും കാണാതായി. ഇല്ലിമുള്ളുകള്‍ കൊണ്ടുണ്ടായിരുന്ന വേലികളില്‍ പടര്‍ന്നു കിടന്നിരുന്ന നിരോലിപ്പൂക്കള്‍ ഇല്ല, തേവിടിശ്ശിപ്പൂവെന്ന് വിളിക്കുന്ന ഒടിച്ചുകുത്തിപ്പൂക്കളും ഇല്ല. ഇന്ന് വലിയൊരു പുഷ്പ സമ്പത്ത് തന്നെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്’ അദ്ദേഹം പറയുന്നു. ‘ഓണം മനുഷ്യന്റെ മാത്രം ആഘോഷമല്ല. ആത് ജീവജാലങ്ങളുടെയും ആഘോഷമാണ്. തൃക്കേട്ട നാളില്‍ കന്നുപൂട്ട് നില്‍ക്കും. കന്ന് നില്‍ക്കുക എന്നാണതിന് പറയുന്നത്. പിന്നെ ചതയം വരെ കന്നിനെ പൂട്ടില്ല. അവയെ തേച്ചുകുളിപ്പിച്ച് നല്ല ഭക്ഷണം നല്‍കും. കന്നിനുകൂടി ഓണം വരുമ്പോഴാണ് ഓണം വര്‍ണശബളമാകുന്നത്’.

ഒരു മതത്തിന്റെ മാത്രം ആഘോഷമല്ല ഓണമെന്ന് അദ്ദേഹം പറയുന്നു. എല്ലാമതങ്ങളുടെയും എല്ലാ വിഭാഗങ്ങളുടെയും ആഘോഷമായ ഓണം ബഹുവര്‍ണ ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണ്.

shortlink

Related Articles

Post Your Comments


Back to top button