IndiaInternational

ആയുധങ്ങളും സൈനിക ഉപകരണങ്ങളും റഷ്യ വിൽക്കുകയും ഇന്ത്യ വാങ്ങുകയും ചെയ്യുന്ന പരമ്പരാഗത രീതി മറന്നേക്കൂ, ഇനി നമ്മൾ നിർമിക്കും, അവർ വാങ്ങും; റഷ്യയുമായി കൈകോർത്ത് മെയ്ക് ഇൻ ഇന്ത്യ

കൂട്ടായ മുന്നേറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള ഉച്ചകോടിയിൽ തീരുമാനമായി .

വ്ലാഡിവോസ്റ്റോക് ∙ റഷ്യൻ സൈനിക ഉപകരണങ്ങൾക്കുള്ള ഘടകങ്ങൾ ഇന്ത്യ നിർമിച്ചുനൽകും. ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിരോധരംഗത്തു സാങ്കേതികവിദ്യാ കൈമാറ്റവും സംയുക്ത സംരംഭങ്ങളും വരും. ആയുധങ്ങളും സൈനിക ഉപകരണങ്ങളും റഷ്യ വിൽക്കുകയും ഇന്ത്യ വാങ്ങുകയും ചെയ്യുന്ന പരമ്പരാഗത രീതിക്കു പകരം കൂട്ടായ മുന്നേറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള ഉച്ചകോടിയിൽ തീരുമാനമായി .

രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ മറ്റുള്ളവർ സ്വാധീനം ചെലുത്താനുള്ള നീക്കങ്ങളിലെ വിയോജിപ്പ് ഇരു നേതാക്കളും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപനം പ്രാധാന്യമർഹിക്കുന്നു. പ്രതിരോധം, വ്യോമ, സമുദ്ര വാർത്താവിനിമയ സംവിധാനങ്ങൾ, ഊർജം, പ്രകൃതിവാതകം, പെട്രോളിയം,വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള 15 കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ചെന്നൈയെയും വ്ലാഡിവോസ്റ്റോക്കിനെയും ബന്ധിപ്പിക്കുന്ന സമഗ്ര കപ്പൽ സഞ്ചാരപാതയ്ക്കുള്ള രൂപരേഖയായി. ചെന്നൈ– വ്ലാഡിവോസ്റ്റോക് നാവിക വാർത്താവിനിമയ സംവിധാനത്തിനും ധാരണയായി. ആണവനിലയങ്ങൾ സ്ഥാപിക്കാനുള്ള പങ്കാളിത്ത പദ്ധതിക്കും തുടക്കമിടും. ഗഗൻയാൻ പദ്ധതിയിലെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് റഷ്യ പരിശീലനം നൽകാനുള്ള ധാരണയും ഔപചാരിക ഘട്ടത്തിലെത്തി.ഉഭയകക്ഷി സൈനിക, സാങ്കേതിക സഹകരണ കരാർ 2020ന് അപ്പുറം പത്ത് വർഷം കൂടി നീട്ടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

മാത്രമല്ല എകെ -203 റൈഫിളുകൾ ഇന്ത്യയിൽ നിർമിക്കുന്ന സഹകരണ പദ്ധതിയെക്കുറിച്ചും റഷ്യൻ പ്രസിഡന്റ് സൂചിപ്പിച്ചു .പുതിയ കരാർ ഇന്ത്യ-റഷ്യ ബന്ധത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നാണ് കരുതുന്നത്.കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഇന്ത്യയുടെ വിശ്വസ്തരായ പ്രതിരോധ പങ്കാളിയാണ് റഷ്യ.ഇന്ത്യയും യൂറേഷ്യൻ ഇക്കണോമിക് യൂണിയനും ഉൾപ്പെട്ട സ്വതന്ത്ര വ്യാപാരമേഖല രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

2020 വരെയുള്ള സൈനിക, സങ്കേതിക സഹകരണം 10 വർഷത്തേക്കു കൂടി നീട്ടാൻ ശ്രമം നടന്നുവരികയാണെന്ന് പുടിൻ അറിയിച്ചു. നാത്‌സികൾക്കെതിരെയുള്ള യുദ്ധവിജയത്തിന്റെ 75–ാം വാർഷികാഘോഷം അടുത്ത മേയിൽ മോസ്കോയിൽ നടക്കുമ്പോൾ മോദിയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി തനിക്ക് നൽകാനുള്ള തീരുമാനത്തിന് മോദി നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button